mg-university

കോട്ടയം: കോപ്പിയടിച്ചെന്ന പേരിൽ ചീർപ്പുങ്കൽ ഹോളിക്രോസ് സ്വാശ്രയ കോളേജ് അധികൃതരുടെ മോശമായ പെരുമാറ്റം സൃഷ്ടിച്ച മാനസിക പ്രശ്നങ്ങളാവാം ബി.കോം വിദ്യാർത്ഥി അഞ്ജു പി. ഷാജി ജീവനൊടുക്കാൻ കാരണമെന്ന് എം.ജി സർവകലാശാലാ സമിതിയുടെ ഇടക്കാല റിപ്പോർട്ട്. സംഭവത്തിൽ കോളേജ് അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പറയുന്ന മൂന്നംഗ സമിതിയുടെ റിപ്പോർട്ട് വൈസ് ചാൻസലർ ഡോ. സാബു തോമസിന് സമർപ്പിച്ചു.

'ഹാൾ ടിക്കറ്റുമായി വീട്ടിൽ നിന്നിറങ്ങുന്ന വിദ്യാർത്ഥി മൃതദേഹമായി വീട്ടിലെത്തുന്ന അവസ്ഥ" ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ശുപാർശ ചെയ്യുന്നു. ഹാളിൽ വച്ച് അഞ്ജുവിന് മാനസിക പീഡനമുണ്ടായെന്ന കേരളകൗമുദി റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് സമിതിയുടെ കണ്ടെത്തൽ. സിൻഡിക്കേറ്റംഗങ്ങളായ ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, ഡോ. വി.എസ്. പ്രവീൺ കുമാർ എന്നിവരുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചത്.

'' സമീപമുള്ള മറ്റ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുമ്പോൾ, അഞ്ജുവിനെ അര മണിക്കൂറിലേറെ അവിടെ ഇരുത്തി. പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂർ കഴിയാതെ വിദ്യാർത്ഥികളെ പുറത്ത് വിടരുതെന്ന സർവകലാശാല നിർദേശം പാലിച്ചതാണെന്നാണ് പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ ഫാ. എൻ.വി. ജോസഫ് ഞാറക്കാട്ടിൽ മൊഴി നൽകിയത്. എന്നാൽ പരീക്ഷാ ക്രമക്കേട് ആരോപിച്ച ഒരു വിദ്യാർത്ഥിയോട് അത്തരം നിഷ്കർഷ പുലർത്തേണ്ടതില്ലെന്ന സാമാന്യ ബോധം പോലും കാട്ടിയില്ല.

2.34ന് പരീക്ഷാഹാളിൽ നിന്ന് അഞ്ജു പുറത്തേക്ക് പോകുന്നതു കണ്ടിട്ടും ഇൻവിജിലേറ്റർ അനങ്ങിയില്ല. ഓഫീസ് സ്റ്റാഫിനേയോ, അറ്റൻഡറെയോ വിളിച്ച് ഒപ്പം വിട്ടിരുന്നെങ്കിൽ അത്യാഹിതം ഒഴിവാക്കാമായിരുന്നു. ഇൻവിജിലേറ്ററിന് നേരിട്ട് വേണമെങ്കിലും പ്രിൻസിപ്പലിന്റെ മുന്നിൽ അഞ്ജുവിനെ എത്തിച്ച് വിശദീകരണം എഴുതി വാങ്ങാമായിരുന്നു.

സമിതി അംഗങ്ങൾ കോളേജിലെത്തി മൊഴിയെടുത്തും സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയായിരുന്നതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനായില്ല. സി.സി ടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തെന്ന ആരോപണം, കൈപ്പട എന്നിവയുടെ സത്യാവസ്ഥ പരിശോധിച്ചും സഹ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയും വിശദ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും.

മറ്റ് ഗുരുതര വീഴ്ചകൾ

 സി.സി ടിവിയിലെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ചു

 സർവകലാശാലയ്ക്ക് നൽകാതെ ഹാൾടിക്കറ്റും പ്രദർശിപ്പിച്ചു

പ്രിൻസിപ്പലിനെ പരീക്ഷാ ചുമതലയിൽ നിന്ന് നീക്കി: വി.സി

കോപ്പിയടി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. കോളേജ് അധികൃതരുടെ വീഴ്ചയിൽ പ്രിൻസിപ്പലിനെ പരീക്ഷാ ചീഫ് സൂപ്രണ്ട് ചുമതലയിൽ നിന്ന് നീക്കി. കോളേജിനെ താക്കീത് ചെയ്യും. പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. സമിതിയുടെ തുടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ കൈക്കൊള്ളും.