vell

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം വെട്ടി മാറ്റാതെ സർജിക്കൽ ബ്ലോക്കിനോട് ചേർന്ന് പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് പണിയാമെന്ന് പരിസ്ഥിതി വിദഗ്ദ്ധരുടെ നിർദ്ദേശം. സർജിക്കൽ ബ്ലോക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ആവശ്യത്തിന് സ്ഥലമുണ്ട്. പുതിയ ബ്ലോക്ക് അവിടെ പണിയാം.അല്ലെങ്കിൽ സർജിക്കൽ ബ്ലോക്കിൽ ഒന്നോ രണ്ടോ നിലകൾ പണിയാം. മെഡിക്കൽ ബ്ലോക്കിനോട് ചേർന്നും ആവശ്യത്തിന് സ്ഥലമുണ്ട്. നിലവിൽ മാസ്റ്റർ പ്ലാനോ സ്കെച്ചോ ഇല്ലാതെ അനധികൃതവും അശാസ്ത്രീയവുമായാണ് ഷീറ്റ് മേഞ്ഞ് വരെ പല കെട്ടിടങ്ങളും നിർമിച്ചിട്ടുള്ളതെന്നും പരിസ്ഥിതി വിദഗ്ദ്ധർ കണ്ടെത്തി.

അതേ സമയം ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ സമിതി സ്വാഭാവിക വനം നിലനിറുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതെ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണെന്നും പ്രതിഷേധം ശക്തമായിട്ടും സമിതിയിലെ ഉന്നതർ സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന ആരോപണവും ഉയർന്നു .

ജൈവവൈവിദ്ധ്യബോർഡിന് പരാതി

മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം വെട്ടി നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് വനം വന്യജീവി ബോർഡ് അംഗവും ജില്ലാ ട്രീ കമ്മിറ്റി അംഗവുമായ കെ.ബിനു സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ് ചെയർമാന് പരാതി നൽകി. കോട്ടയം മെഡിക്കൽ കോളേജിനുള്ള 250 ഏക്കർ സ്ഥലത്തിൽ ഒട്ടേറെ തരിശു ഭൂമിയുണ്ട്. മരങ്ങൾ, ചിതൽപുറ്റുകൾ, പറവകൾ, ചിലന്തികൾ, ഇഴജന്തുക്കൾ എന്നിവ അടങ്ങുന്ന രണ്ടര ഏക്കർ സ്വാഭാവിക വനം 25 വർഷം കൊണ്ട് രൂപപ്പെട്ടതാണ്. പ്രകൃതിയുടെ ഈ ഓക്സിജൻ സിലിണ്ടർ ഇല്ലാതാക്കാനുള്ള ശ്രമം തടയണം. ജൈവവൈവിദ്ധ്യ ബോർഡിലെ വിദഗ്ദ്ധർ അടങ്ങുന്ന സംഘം പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും വരെ നിർമാണ പ്രവർത്തനങ്ങൾ സ്വാഭാവിക വന മേഖലയിൽ നിറുത്തിവെക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

സ്വാഭാവിക വനം

2.5 ഏക്കർ

വനം വെട്ടി മാറ്റി പുതിയ ബ്ലോക്ക് പണിതാൽ കുന്നും മലയും കൂടി വെട്ടി നിരത്തണം. പുതിയ റോഡ് നിർമിക്കണം. ഇത് പരിസ്ഥിതി ആഘാതത്തിന് വരെ കാരണമാകും. ഇതല്ലാതെ പുതിയ ബ്ലോക്ക് പണിയാമെന്ന തങ്ങളുടെ നിർദ്ദേശം കളക്ടർക്ക് നൽകും

ബി.ശ്രീകുമാർ , പ്രസിഡന്റ് , കോട്ടയം നേച്ചർ സൊസൈറ്റി