കൊച്ചി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വനിതാ ഹോസ്റ്റലിനെ ക്വാറന്റൈൻ സെന്റർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് നൽകിയ നിവേദനം പത്തു ദിവസത്തിനുള്ളിൽ പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കോളേജിൽ പരീക്ഷ തുടങ്ങാനിരിക്കെ ഹോസ്റ്റൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനിയും അദ്ധ്യാപികയും നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. കളക്ടർ തീരുമാനം എടുക്കുന്നതു വരെ ഹോസ്റ്റൽ ക്വാറന്റൈൻ സെന്റർ ആക്കരുതെന്ന് നിർദ്ദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തരമൊരു നിർദ്ദേശം നൽകുന്നത് ഉചിതമാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹോസ്റ്റലിനെ ക്വാറന്റൈൻ സെന്ററാക്കരുതെന്ന ഹർജിക്കാരുടെ ആവശ്യത്തെ സർക്കാർ എതിർത്തു. താമസ സൗകര്യങ്ങൾ കുറവായ മേഖലയിൽ ഹോസ്റ്റൽ ഏറ്റെടുക്കാതിരിക്കാൻ കഴിയില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു. തുടർന്നാണ് നിവേദനം പരിഗണിച്ച് തീർപ്പുണ്ടാക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയത്.