h

പാലാ : സഹജീവനക്കാർക്കു മേൽ യു.ഡി ക്ലാർക്ക് പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കടനാട് പഞ്ചായത്ത് ഓഫീസിൽ തെളിവെടുപ്പു നടത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ സി.ആർ. പ്രസാദ്, സൂപ്രണ്ട് ഓഫീസർ അനൂപ് മോഹനൻ എന്നിവരടങ്ങുന്ന സംഘം പഞ്ചായത്തിൽ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റിനോടും ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെക്രട്ടറി മനോജ്, അസി.സെക്രട്ടറി ബിനോയി എന്നിവരിൽ നിന്നു മൊഴിയെടുത്തു.

യു. ഡി. ക്ളർക്ക് ജോലിയിൽ വീഴ്ച വരുത്തിയതായും ആക്രമണം നടത്തിയതായും ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് ബിനു ജോൺ അറിയിച്ചു.

ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കടനാട് പഞ്ചായത്തിലെ യു.ഡി ക്ലാർക്ക് സുനിൽകുമാർ ഓഫീസിനുള്ളിലും ജീവനക്കാരുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. പെട്രോൾ പടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മർദ്ദനമേറ്റുവെന്നും പരാതിയുയർന്നു. സുനിൽ ഓഫീസിൽ സ്ഥിരമായി എത്താഞ്ഞതിന് പല തവണ മെമ്മോ നൽകിയിരുന്നു. ജോലിക്കു വരാത്ത ദിവസത്തെ ഒപ്പിടുന്ന പതിവും ഇയാൾക്കുണ്ട്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്ന് പ്രസിഡന്റ് ജെയ്സൺ പുത്തൻകണ്ടം പറഞ്ഞു.

അതേ സമയം ജീവനക്കാരെ ഭീഷണിപ്പെടുത്തി, ജോലിക്ക് തടസം വരുത്തി, മർദ്ദിച്ചു എന്നീ വകുപ്പുകൾ ചുമത്തി സുനിലിനെതിരെ മേലുകാവ് പോലീസ് കേസെടുത്തു.