കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഒളിവിൽ പാർപ്പിച്ച കേസിൽ മകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടിയതിനു പിന്നാലെ ,പിതാവ് കുഴഞ്ഞു വീണു മരിച്ചു. മകൻ രാഹുൽ അറസ്റ്റിലായതറിഞ്ഞ് കുമ്മനം പുത്തൻപറമ്പിൽ രവിയാണ് (73) മരിച്ചത്.

രാഹുലിന്റെ സുഹൃത്തായ പരിപ്പ് സ്വദേശി അനന്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് രവിയുടെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്നു.ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കഴിഞ്ഞ ദിവസം രാത്രി വൈകി രവിയുടെ വീട്ടിലെത്തി അനന്തുവിനെയും രാഹുലിനെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ രാവിലെ സ്റ്റേഷനിൽ എത്തിക്കണമെന്ന നിർദേശത്തോടെ ബന്ധുക്കൾക്കൊപ്പം വിട്ടു.

ഇന്നലെ പുലർച്ചെയാണ് രവിയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റുമോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായി. മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. സംസ്‌കാരം നടത്തി.

പെൺകുട്ടിയെ ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയപ്പോൾ പീഡനത്തിനിരയായിട്ടില്ലെന്നു വ്യക്തമായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് അനന്തുവിനെതിരെ കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. രാഹുലിനെ ജാമ്യത്തിൽ വിട്ടയച്ചു. ശാന്തയാണ് മരിച്ച രവിയുടെ ഭാര്യ. മകൾ: രേഖ.