പാലാ : കൊവിഡിന്റെ ഈ കാലത്ത് മുത്തോലി പഞ്ചായത്തിനെ മുന്നോട്ട് നയിക്കാൻ 'നഴ്‌സ് ' ചുമതലയേറ്റു.

മുത്തോലി പഞ്ചായത്ത് പ്രസിഡന്റായി ഇന്നലെ ചുമതലയേറ്റ സന്ധ്യ.ജി. നായർ നഴ്‌സാണ്, ഒപ്പം അധികം പേർ അറിയാത്ത കവയത്രിയും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തൊട്ട് മുമ്പ് വരെ പാലായിലെ സ്വകാര്യ ആശുപത്രികളിൽ ആതുരശുശ്രൂഷയിൽ സജീവമായിരുന്നു ഈ 28 കാരി.

അരുണാപുരം മരിയൻ നഴ്‌സിംഗ് കോളജിൽ നിന്ന് ജനറൽ നഴ്‌സിംഗ് മികച്ച രീതിയിൽ ജയിച്ച സന്ധ്യ, മരിയൻ ആശുപത്രിയിലും തുടർന്ന് പാലായിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലുമായി അഞ്ചു വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷമാണ് പൊതുജനസേവന രംഗത്തേയ്ക്ക് ഇറങ്ങിയത്. നിലവിൽ മുത്തോലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണാണ്. പഞ്ചായത്ത് മെമ്പറായിരിക്കെയും തന്റെ വാർഡിലോ, സമീപ വാർഡുകളിലോ ആർക്കെങ്കിലും അപകടമുണ്ടായതായി അറിഞ്ഞാൽ പ്രഥമ ശുശ്രൂഷ നൽകാനായി ഈ ജനപ്രതിനിധി പാഞ്ഞെത്തും. വാർഡിലെ കിടപ്പു രോഗികൾക്കും, പാവപ്പെട്ട കുടുംബങ്ങളിലെ ജീവിതശൈലീ രോഗികളായ ചിലർക്കും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുത്തിവയ്പ്പ് നൽകുന്നതും സന്ധ്യ തന്നെ.

' ഞാൻ മുന്നിൽ നിന്നു നയിക്കുമീ നാടിനെ, എൻ മുത്തോലി നാടിനെ' എന്ന് സന്ധ്യ എഴുതിയ കവിതയിലെ ആ മോഹം ഇന്നലെ സഫലമായി. തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കവിതകൾ ഉൾപ്പെടുത്തി 'കാക്കക്കവിതകൾ' എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണിവർ. മുത്തോലി വെള്ളിയേപ്പള്ളി മീനാഭവൻ കുടുംബാംഗമാണ്. ഭർത്താവ് ജി.രൺദീപ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ശ്രീഹരി ആർ. നായർ, ശ്രീകേശ് ആർ. നായർ എന്നിവരാണ് മക്കൾ. ജോസ്.കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി എന്നിവർ സന്ധ്യയെ അഭിനന്ദിച്ചു.