കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടിയുള്ള ജോസ്, ജോസഫ് തർക്കം യു.ഡി.എഫിനെ പിടിച്ചുലയ്ക്കുമ്പോൾ ചങ്ങനാശേരി നഗരസഭയിൽ ജോസ് വിഭാഗത്തിന്റെ വോട്ടിൽ ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസ് ചെയർമാനായി. ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവായ സി.എഫ്.തോമസിന്റെ അനുജനാണ് സാജൻ.
രണ്ട് കോൺഗ്രസ് അംഗങ്ങൾ വിമത സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്. ജോസഫ് വിഭാഗത്തിലെ ഒരു അംഗം വോട്ട് അസാധുവാക്കി. പ്രതിപക്ഷത്ത് ബി.ജെ.പി സ്ഥാനാർത്ഥി നേടിയ നാലു വോട്ട് ഉൾപ്പെടെ 19 വോട്ട് രണ്ട് പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് വീതം വച്ചതോടെ, കുറഞ്ഞ വോട്ട് ലഭിച്ച ബി.ജെ.പി സ്ഥാനാർത്ഥിയെ ഒഴിവാക്കി രണ്ടാമതും ചെയർമാൻ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. ഈ നാടകീയതയ്ക്കിടെ ജോസഫ് ഗ്രൂപ്പ് അംഗത്തിന്റെ ആദ്യം അസാധുവായ വോട്ട് സാധുവായി . നിലവിലെ ചെയർമാനായിരുന്ന ജോസ് വിഭാഗത്തിലെ ലാലിച്ചൻ ആന്റണി മറിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ ഇരുവശത്തും തുല്യവോട്ട് വന്ന് ചെയർമാനെ തീരുമാനിക്കൽ നറുക്കെടുപ്പിലേയ്ക്ക് നീങ്ങിയേനേ. അത്തരമൊരു രാഷ്ട്രീയ ആലോചന അവസാന നിമിഷം വരെ ഉണ്ടായിരുന്നു. എന്നാൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യണമെന്ന കർശന നിലപാട് ജോസ് കെ. മാണി സ്വീകരിച്ചതാണ് അട്ടിമറി സാദ്ധ്യത ഇല്ലാതാക്കിയത്. നാല് ബി.ജെ.പി അംഗങ്ങൾ രണ്ടാമത് ചെയമാൻ തിരഞ്ഞെടുപ്പ് നടന്നപ്പോൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അവർ കോൺഗ്രസ് വിമതനെ പിന്തുണച്ചിരുന്നെങ്കിൽ ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസിന് അവസരം ലഭിക്കാതെ പോയേനെ.
യു.ഡി.എഫ് ധാരണ അനുസരിച്ചായിരുന്നു ചങ്ങനാശേരിയിൽ ജോസ് വിഭാഗം ചെയർമാൻ ലാലിച്ചൻ രാജിവെച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ കെ.എം.മാണി ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കിയ ധാരണ അനുസരിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മാറ്റില്ലെന്ന നിലപാടിൽ ജോസ് വിഭാഗം ഉറച്ചു നിൽക്കുകയാണ്. മാറ്റണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടപ്പോൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കൂടുതൽ സീറ്റെന്ന തങ്ങളുടെ മറ്റു ഡിമാൻഡുകൾ അംഗീകരിക്കണമെന്ന കടുത്ത നിലപാടാണ് ജോസ് വിഭാഗം സ്വീകരിച്ചിരിക്കുന്നത്. മഞ്ഞുരുകൽ ഇക്കാര്യത്തിൽ ഉണ്ടാകാത്തതിനാൽ രാഷ്ട്രീയ പ്രതിസന്ധി നീളുകയാണ്. കേരളകോൺഗ്രസിലെ ഒരു വിഭാഗം ഇടതു മുന്നണിയിലേക്ക് പോകാൻ നിർബന്ധിതമാകുമെന്ന പ്രചാരണം ശക്തമായതിനിടയിൽ ഇരു വിഭാഗത്തെയും എങ്ങനെയും യു.ഡി.എഫിൽ പിടിച്ചു നിറുത്താനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ് ഉന്നത നേതാക്കൾ .