വൈക്കം : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 26 ാം വാർഡിലെ കാരയിൽ പാടശേഖരത്തെ അഞ്ച് ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്താൻ പദ്ധതി. വൈക്കം നഗരസഭ, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി, വൈക്കം കൃഷിഭവൻ, വൈക്കം താലൂക്ക് ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ പാടശേഖരം ശുചീകരിക്കും. വിത്തും, വളവും, ജൈവകീടനാശിനിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് നൽകും. നിലമൊരുക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ബിജു വി.കണ്ണേഴൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.സോമൻപിള്ള, അസി.കൃഷി ഓഫീസർ മെയ്‌സൺ മുരളി, കൗൺസിലർമാരായ എം.ടി.അനിൽകുമാർ, ബിജിനി പ്രകാശൻ, ചന്ദ്രബാബു എടാടൻ, കെ.പി. അശോകൻ, കെ.രമേശൻ, കെ.കെ.സചീവോത്തമൻ എന്നിവർ പങ്കെടുത്തു.