കോട്ടയം : കുറഞ്ഞ ചെലവിൽ സാനിറ്റൈസർ നിർമ്മിച്ച് ഒമ്പതാംക്ലാസുകാരി ശ്രദ്ധേയയായി. കോട്ടയം ലൈഫ് വാലി ഇന്റർനാഷണൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനി അനികയാണ് കൂട്ടുകാർ കളിയിൽ മുഴുകിയപ്പോൾ കൊവിഡിനെ പ്രതിരോധിക്കുന്ന സാനിറ്റൈസർ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. ഗൂഗിൾ നോക്കാനുള്ള അമ്മയുടെ നിർദ്ദേശം ആവേശമായി. അതോടെ വീട്ടിൽ ഇരുന്ന് സാനിറ്റൈസർ ഏതു കൊച്ചുകുട്ടിക്കും നിർമ്മിക്കാൻ കഴിയുമെന്ന് തെളിയിച്ചു. അനിക തയ്യാറാക്കിയ നൂറ് ബോട്ടിൽ സാനിറ്റൈസർ അഭയം ഉപദേശകസമിതി ചെയർമാൻ വി.എൻ.വാസവനെ ഏല്പിച്ചു. അയൽക്കാർക്കും ഒരു പങ്ക് കൊടുത്തു. സാനിറ്റൈസർ നിർമ്മാണത്തിന്റെ കഥ ബന്ധുക്കളോടും കുട്ടികളോടും പറഞ്ഞതോടെ അവരും വീടുകളിൽ സാനിറ്റൈസർ നിർമ്മിക്കാൻ തുടങ്ങി. കോട്ടയം പനംപുന്നയിൽ വർക്കി വർഗീസ് - ദിവ്യ വർഗീസ് ദമ്പതികളുടെ മകളാണ് അനിക.