ചങ്ങനാശേരി : മൂന്ന് യു.ഡി.എഫ് അംഗങ്ങൾ കൂറുമാറിയ നാടകീയരംഗങ്ങൾക്കൊടുവിലാണ് ചങ്ങനാശേരി നഗരസഭ ചെയർമാൻ സ്ഥാനം സാജൻ ഫ്രാൻസിസ് പിടിച്ചെടുത്തത്. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഒരുവോട്ടിന്റെ ഭൂരിപക്ഷം നേടാൻ കഴിഞ്ഞെങ്കിലും എൽ.ഡി.എഫ് പിന്തുണച്ച യു.ഡി.എഫ് വിമത സ്ഥാനാർത്ഥിക്കും ബി.ജെ.പി സ്ഥാനാർത്ഥിക്കും കൂടി ലഭിച്ച വോട്ടിനെക്കാൽ കുറവായതിനാൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിലാണ് വിജയിച്ചത്. കേരള കോൺഗ്രസ് ജോസ് വിഭാഗം അംഗവും മുൻ ചെയർമാനുമായിരുന്ന ലാലിച്ചൻ കുന്നിപ്പറമ്പിലിന്റെയും, സ്വതന്ത്ര സ്ഥാനാർത്ഥി സതീഷ് ഐക്കരയുടെയും വോട്ടാണ് സാജന് തുണയായത്.
കോൺഗ്രസ് വിമതനായി വിജയിച്ച സ്വതന്ത്രൻ സജി തോമസിനെയാണ് എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തത്. 18 അംഗ യു.ഡി.എഫ് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങളായ ആതിരാ പ്രസാദ്, അനിലാ രാജേഷ്‌കുമാർ എന്നിവരാണ് കൂറുമാറിയത്. ജോസഫ് വിഭാഗത്തിലെ ഡാനി തോമസ് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് ആദ്യ വോട്ടിംഗിൽ സാജന് ഭൂരിപക്ഷം നേടാനാകാതെ വന്നത്.
37 അംഗ കൗൺസിലിൽ സ്വതന്ത്ര അംഗം സന്ധ്യാ മനോജ് വിട്ടുനിന്നു. യു.ഡി.എഫിന് 16ഉം, എൽ.ഡി. എഫിന് 15 ഉം, ബി.ജെ.പി സ്ഥാനാർത്ഥി എൻ.പി കൃഷണകുമാറിന് നാല് വോട്ടും ലഭിച്ചു. ആകെ ചെയ്ത വോട്ടിന്റെ പകുതിയിലധികം ഭൂരിപക്ഷം ചെയർമാൻ സ്ഥാനാർത്ഥിക്ക് ലഭിക്കാതെ വന്നതോടെ വരണാധികാരി ജില്ലാ സ്റ്റാറ്റിറ്റിക്‌സ് ഓഫീസർ മേരി ജോർജ് റീ-ഇലക്ഷൻ പ്രഖ്യാപിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയെ ഒഴിവാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
രണ്ടാംഘട്ടം ഇങ്ങനെ
രണ്ടാംഘട്ടത്തിൽ 32 അംഗങ്ങളാണ് പങ്കെടുത്തത്. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയ ഡാനി തോമസ് വോട്ട് രണ്ടാമത് സാധുവാക്കിയപ്പോൾ നിലവിൽ രാജിവച്ച വൈസ് ചെയർപേഴ്‌സണായിരുന്ന കോൺഗ്രസ് അംഗം അംബിക വിജയൻ വോട്ട് അസാധുവാക്കി. ഇതോടെ തുടർന്നും യു.ഡി.എഫിന് 16 ഉം എൽ.ഡി. എഫിന് 15 ഉം വോട്ട് ലഭിച്ചു. സ്വതന്ത്രൻ സതീഷ് ഐക്കരയുടെ വോട്ട് ലഭിച്ചതോടെ സാജൻ വിജയിച്ചു.
ഷൈനി ഷാജിക്ക് 18 വോട്ട്
ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷൈനി ഷാജി 18 വോട്ടിന് വിജയിച്ചു. ചെയർമാൻ തിരഞ്ഞെടുപ്പിൽ കൂറു മാറി വോട്ട് ചെയ്ത അനില രാജേഷും, ആതിരാ പ്രസാദും, വോട്ട് അസാധുവാക്കിയ അംബിക വിജയനും ഷൈനി ഷാജിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിലെ കുഞ്ഞുമോൾ സാബുവിന് 13 ഉം, ബി.ജെ.പിയിലെ പ്രസന്നകുമാരിക്ക് 4 വോട്ടും ലഭിച്ചു. സ്വതന്ത്രൻ സതീഷ് ഐക്കര വിട്ടു നിന്നു.