അടിമാലി: കൊവിഡ് ഭീതിക്ക് പിന്നാലെ ഉണ്ടായിട്ടുള്ള ഇന്ധനവില വർദ്ധനവ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇരുട്ടടിയായി .ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഓട്ടോറിക്ഷകൾ നിരത്തിലിറക്കിയെങ്കിലും വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. നിരത്തിൽ ആളുകൾ തീരെ കുറവായി. യാത്രകൾ പലരും പരമാവധി ഒഴിവാക്കി. രോഗഭീതി ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഓട്ടോറിക്ഷ വിളിച്ച് യാത്രചെയ്യുന്നവരുടെ എണ്ണംവൻതോതിലാണ് കുറഞ്ഞത്.വരുമാനക്കുറവ് വലിയ പ്രതിസന്ധിയിലേയ്ക്ക് കൊണ്ടെത്തിക്കുമ്പോൾ ഇന്ധനവില വർധനവ് കൂടിയായാൽ മുമ്പോട്ട് പോകാനാവില്ലെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു.ലോക്ക് ഡൗൺകാലയളവിൽ നിരത്തിലിറങ്ങാൻ കഴിയാതെ വന്നതോടെ പല ഓട്ടോറിക്ഷാതൊഴിലാളികളുടെയും വാഹനവായ്പ്പാ തിരിച്ചടവുകൾ ഉൾപ്പെടെ മുടങ്ങി കിടക്കുകയാണ്.ഇതിനൊപ്പം വാഹനങ്ങൾക്കുണ്ടാകുന്ന അറ്റകുറ്റപ്പണികളും ചിലവ് വർദ്ധിക്കാൻ ഇടവരുത്തുന്നു.എല്ലാത്തിനും പുറമെയാണ് ഇന്ധനവിലയിൽ ദിവസവും വർധനവ് ഉണ്ടായിട്ടുള്ളത്.നിലവിലെ സാഹചര്യം തുടർന്നാൽ കുടുംബം പുലർത്താൻ മറ്റ് വഴികൾ നോക്കേണ്ടി വരുമോയെന്ന ആശങ്കയും ഒരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാർ പങ്ക് വയ്ക്കുന്നു.