പാലാ : പാലാ നഗരസഭയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ 1 കോടി 97 ലക്ഷം രൂപ അടിയന്തിരമായി അനുവദിച്ചു. മാണി.സി.കാപ്പൻ എം. എൽ.എ മന്ത്രി എ.സി.മൊയ്തീന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭയിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മുടങ്ങിയത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ബുധനാഴ്ച കൗൺസിലർ അഡ്വ.ബിനു പുളിക്കക്കണ്ടത്തിനൊപ്പം തിരുവനന്തപുരത്തെത്തി മന്ത്രിക്ക് നിവേദനം നൽകി. ശുചിത്വമിഷൻ ഫണ്ടിൽ നിന്ന് നഗരസഭയ്ക്ക് കിട്ടേണ്ടിയിരുന്ന 1 കോടി 22 ലക്ഷം രൂപയും അതിന്റെ പലിശ ഇനത്തിലുള്ള തുകയായ 75 ലക്ഷവും ചേർത്തുള്ള തുകയാണിപ്പോൾ അനുവദിച്ചിട്ടുള്ളത്. ഇതോടെ കഴിഞ്ഞ 3 മാസത്തെ ശമ്പളക്കുടിശികയും പെൻഷൻ കുടിശികയും മറ്റ് അല്ലറ ചില്ലറ ചെലവുകളും നഗരസഭയ്ക്ക് നടത്താൻ കഴിയും. ഫണ്ട് അനുവദിക്കാൻ മുൻകൈ എടുത്ത എം.എൽ.എയെയും മന്ത്രിയെയും ചെയർപേഴ്‌സൺ മേരി ഡൊമിനിക് നന്ദി അറിയിച്ചു.