ചങ്ങനാശേരി : കേരള കോൺഗ്രസ് -എമ്മിലെ കിടമത്സരങ്ങൾക്കിടെ, ജോസ് കെ.മാണി വിഭാഗത്തിന്റെ പിന്തുണയിൽ ചങ്ങനാശേരി നഗരസഭാ ചെയർമാൻ സ്ഥാനത്തേയ്ക്ക് ജോസഫ് വിഭാഗം സ്ഥാനാർത്ഥി സാജൻ ഫ്രാൻസിസ് ഒരു വോട്ടിന് വിജയിച്ചു.
ജോസ് വിഭാഗത്തിലെ ഏക അംഗവും മുൻ ചെയർമാനുമായ ലാലിച്ചൻ ആന്റണിയുടെയും, സ്വതന്ത്രനായ സതീഷ് ഐക്കരയുടെയും വോട്ടുകളാണ് യു.ഡി.എഫിന് തുണയായത്. മൂന്നു കോൺഗ്രസ് അംഗങ്ങൾ കൂറുമാറി.
സി.എഫ്.തോമസ് എം.എൽ.എയുടെ സഹോദരനാണ് സാജൻ ഫ്രാൻസിസ്.. കോൺഗ്രസ് വിമതനായി വിജയിച്ച സജി തോമസായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി.
18 അംഗ യു.ഡി.എഫ് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങളായ ആതിരാ പ്രസാദ്, അനിലാ രാജേഷ്‌കുമാർ, അംബികാ വിജയൻ എന്നിവരാണ് കൂറുമാറിയത്. ജോസഫ് വിഭാഗത്തിലെ ഡാനി തോമസ് വോട്ട് അസാധുവാക്കിയതിനെ തുടർന്ന് ആദ്യ വോട്ടിംഗിൽ സാജന് ഭൂരിപക്ഷം നേടാനായില്ല. 37 അംഗ കൗൺസിലിൽ സ്വതന്ത്ര അംഗം സന്ധ്യാ മനോജ് വിട്ടുനിന്നു. യു.ഡി.എഫിന് 16ഉം, എൽ.ഡി. എഫിന് 15 ഉം, ബി.ജെ.പി സ്ഥാനാർത്ഥി എൻ.പി കൃഷ്ണകുമാറിന് നാല് വോട്ടും ലഭിച്ചു. ആകെ വോട്ടിന്റെ പകുതിയിലധികം ചെയർമാൻ സ്ഥാനാർത്ഥിക്ക് ലഭിക്കാതെ വന്നതോടെ ,വീണ്ടും നടന്ന വോട്ടെടുപ്പിൽ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തിൽ സാജൻ വിജയിച്ചു.
ആദ്യ രണ്ടര വർഷം കോൺഗ്രസിനും അടുത്ത രണ്ടര വർഷം കേരള കോൺഗ്രസിനുമെന്നായിരുന്നു യു.ഡി.എഫ് ധാരണ. കേരള കോൺഗ്രസ് ധാരണയാവട്ടെ, രണ്ടാമത്തെ രണ്ടര വർഷത്തിൽ ഒന്നേകാൽ വർഷം വീതം ലാലിച്ചനും സാജൻ ഫ്രാൻസിസിനുമെന്നായിരുന്നു. ഇതിനിടെയാണ് പാർട്ടി പിളർന്നതും സാജനും ലാലിച്ചനും ഇരു വിഭാഗങ്ങളിലായതും. കോൺഗ്രസിലെ ഷൈനി ഷാജിയെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു.