കോട്ടയം: അഞ്‌ജു പി. ഷാജി എന്ന വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിക്കും വിധം കോപ്പിയടി ആരോപിച്ച് മാനസികമായി തളർത്തിയ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പൽ ഫാ.ജോസഫ് ഞാറക്കാട്ടിലിനെ പരീക്ഷാ ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സാബുതോമസിനെതിരെ കത്തോലിക്ക സഭയും പാലാ രൂപതയും രംഗത്തെത്തി.
പ്രിൻസിപ്പലിനെ തോജോവധം ചെയ്യാൻ വൈസ് ചാൻസലർ ശ്രമിച്ചെന്ന് ആരോപിച്ചു കത്തോലിക്ക ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ കോട്ടയത്ത് ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രതിഷേധിച്ചു. പ്രിൻസിപ്പൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടിലെ വിവരങ്ങൾ വെളിപ്പെടുത്തിയ വൈസ് ചാൻസലറെ അവർ രൂക്ഷമായി വിമർശിച്ചു.
പാലാ രൂപതയുടെ വിമർശനം
കോളേജിലെ സി.സി ടി.വി ദൃശ്യങ്ങൾ മാനേജ്‌മെന്റ് പുറത്തുവിടരുതെന്ന് പറയുന്നത് സർവകലാശാലയുടെ ഏതു നിയമമനുസരിച്ചാണെന്ന് വൈസ് ചാൻസലർ അറിയിക്കണം. വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് പ്രിൻസിപ്പൽ ക്രൂരമായി വിമർശിക്കപ്പെട്ടപ്പോൾ വസ്തുതകൾ വെളിപ്പെടുത്താനാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. കോപ്പിയടി പിടിച്ചപ്പോൾ വിദ്യാർത്ഥിനി അപമാനിതയാകാതിരിക്കാനാണ് ഇൻവിജിലേറ്ററും പ്രിൻസിപ്പലും സംസാരിച്ചത്. അദ്ധ്യാപിക കൗൺസിലിംഗ് നടത്തിയതിനാലാണ് കൂടുതൽ സമയം ഹാളിൽ ഇരുത്തി പ്രിൻസിപ്പൽ മാനുഷിക പരിഗണന കാട്ടിയത്. ഹാൾടിക്കറ്റ് പ്രദർശിപ്പിക്കരുതെന്ന് നിയമമില്ല. കോപ്പിയടിച്ച ഭാഗമാണ് പ്രദർശിപ്പിച്ചത്. ഹാൾ ടിക്കറ്റ് പരിശോധിക്കാതെയും സാക്ഷി മൊഴികൾ എടുക്കാതെയും സിൻഡിക്കേറ്റ് ഉപസമിതി തയ്യാറാക്കിയ താത്ക്കാലിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ പത്ര സമ്മേളനം നടത്തിയത്. റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിക്കും മുമ്പ് വൈസ് ചാൻസലർ പ്രിൻസിപ്പലിനെ തേജോവധം ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു.
കാത്തലിക് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് പി.പി.ജോസഫ്
പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
''കോപ്പിയടി കണ്ടു പിടിച്ചാൽ ചെയ്യേണ്ട നടപടികളെക്കുറിച്ചുള്ള സർവ്വകലാശാലാ നിയമങ്ങൾ പ്രിൻസിപ്പൽ ലംഘിച്ചെന്ന് സിൻഡിക്കേറ്റ് ഉപസമിതിയാണ് കണ്ടെത്തിയത്. വിവാദമായതിനാൽ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടത് എന്റെ കടമയാണ്. വിമർശനങ്ങളെ ഭയക്കുന്നില്ല.''
- ഡോ.സാബു തോമസ്
എം.ജി വൈസ് ചാൻസലർ