പാലാ : പൊതുസമൂഹത്തിന് മാതൃകയും വഴികാട്ടിയുമാണ് മാർ ജേക്കബ് മുരിക്കനെന്ന് മന്ത്രി പി .തിലോത്തമൻ പറഞ്ഞു. അവയവദാനത്തിന് ശേഷവും തുടർച്ചയായി രക്തം ദാനം ചെയ്യുന്ന മാർ ജേക്കബ് മുരിക്കൻ ഒരു പക്ഷെ ലോകത്തിലെ തന്നെ ഏക വ്യക്തിയായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോകരക്തദായക ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാർ ജേക്കബ് മുരിക്കന് നൽകിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലാ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാണി.സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ്, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഡോ.സി.ബീനാമ്മ മാത്യു ,സി കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു.