കോട്ടയം: കൊവിഡിനു പിന്നാലെ കത്തിപ്പടർന്ന എണ്ണ വില ജില്ലയിലെ ജീവിതങ്ങളെയും പ്രതിസന്ധിയിലാക്കി. കൊവിഡ് ഇളവുകളിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകൾക്കും സ്വകാര്യ ബസുകൾക്കുമാണ് ഇന്ധന വില വർദ്ധന ഇരുട്ടടിയായത്.

കൊവിഡിനെ തുടർന്ന് രണ്ടു മാസത്തോളം ഓടാതിരുന്ന സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ദിവസം 350 രൂപയാണ് ഇതിലൂടെ സ്വകാര്യ ബസുകൾക്കു ലാഭിക്കാനായത്. എന്നാൽ, ഈ ലാഭം അ‌ഞ്ചു ദിവസം കൊണ്ട് എണ്ണക്കമ്പനികൾ തട്ടിയെടുത്തു. ശരാശരി 70 മുതൽ 100 ലിറ്റർ ഡീസൽ വരെയാണ് സ്വകാര്യ ബസുകൾ ഉപയോഗിക്കുന്നത്. വില വർദ്ധനവിലൂടെ ശരാശരി 400 രൂപ വരെ അധികം ചെലവാകുമെന്ന് ബസ് ഉടമകൾ പറയുന്നു. കഷ്‌ടിച്ച് 3000 രൂപ മാത്രം വരുമാനം ലഭിക്കുമ്പോഴാണ് ഇതിന്റെ പത്തു ശതമാനത്തിലേറെ ഇന്ധന വില വർദ്ധനവിനായി നൽകേണ്ടി വരുന്നത്. 1200 സ്വകാര്യ ബസുകളിൽ കഷ്‌ടിച്ച് 120 ബസുകൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയത്.

പ്രതിദിന നഷ്ടം

സ്വകാര്യബസുകൾക്ക് 400 രൂപ

ഒാട്ടോ റിക്ഷകൾക്ക് 30 രൂപ

ഓട്ടമില്ലാതെ ഓട്ടോകൾ

കാര്യമായ ഓട്ടം പല ഓട്ടോറിക്ഷകൾക്കും ലഭിക്കുന്നില്ല. നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളാണ് ദുരിതം കൂടുതൽ അനുഭവിക്കുന്നത്. ഇന്ധന വിലയിൽ പ്രതിദിനം 30 രൂപയുടെയെങ്കിലും അധിക ചെലവ് ഓട്ടോറിക്ഷകൾക്ക് ഉണ്ടായിട്ടുണ്ട്. ഇതും ബാധിക്കുന്നത് സാധാരണക്കാരായ യാത്രക്കാരെയാണ്.

സ്വകാര്യ ബസുകളുടെ മിനിമം നിരക്ക് 12 ആക്കി ഉയർത്തിയത് ഹൈക്കോടതി സ്റ്റേ ചെയ്‌തത് ബാധിക്കുക സാധാരണക്കാരെ തന്നെയാണ്. 38 സീറ്റുകൾ മാത്രമുള്ള സ്വകാര്യ ബസിൽ മുഴുവൻ യാത്രക്കാരെയും ഇരുത്തി യാത്ര ചെയ്‌താലും മുതലാകില്ല. ഈ ബസുകൾ ഓടാതിരുന്നാൽ ഗ്രാമീണ മേഖലകളെയാണ് ബാധിക്കുക. അവിടങ്ങളിലുള്ളവർക്ക് വൻതുക ഓട്ടോറിക്ഷാ ചാർജ് നൽകേണ്ടി വരും .

കെ.എസ് സുരേഷ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ