പാലാ : സപ്തതിയുടെ നിറവിലെത്തിയിരിക്കുന്ന ഏഴാച്ചേരി നാഷണൽ ലൈബ്രറിയിലെ ആദ്യ പുസ്തകം പുന:സമർപ്പണം ചെയ്ത് മാണി.സി. കാപ്പൻ എം.എൽ.എ. 70 വർഷം മുമ്പ് ലൈബ്രറിക്ക് ആദ്യമായൊരു പുസ്തകം സംഭാവന ചെയ്തത് ഏഴാച്ചേരി ജി.വി.യു.പി സ്‌കൂൾ അദ്ധ്യാപികയായിരുന്ന വാഴചാരിക്കൽ പൊന്നമ്മയായിരുന്നു. ഇന്ന് പതിനയ്യായിരത്തിൽപ്പരം പുസ്തകങ്ങളുള്ള 'എ ഗ്രേഡ്'' ലൈബ്രറിയാണിത്. സപ്തതി ആഘോഷ പരിപാടികളെക്കുറിച്ച് ആലോചിക്കാനിരിക്കെയാണ് ഇന്നലെ രാവിലെ എം.എൽ.എ ലൈബ്രറി സന്ദർശിക്കാനെത്തിയത്. ആദ്യ പുസ്തകം യാതൊരു കോട്ടവും തട്ടാതെ സംരക്ഷിച്ചിരിക്കുകയാണിവിടെ. സപ്തതി പരിപാടികൾക്ക് മുന്നോടിയായി ഈ പുസ്തകം പുന:സമർപ്പിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. നാഷണൽ ലൈബ്രറി സെക്രട്ടറി സനൽകുമാർ ചീങ്കല്ലേൽ പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസീസ്, നാഷണൽ ലൈബ്രറി പ്രസിഡന്റ് അഡ്വ.ഏഴാച്ചേരി വി.ജി.വേണുഗോപാൽ, ലൈബ്രറേറിയൻ രാമചന്ദ്രൻ തേരുന്താനം, വി.ജി. വിജയകുമാർ, എം. സുശീൽ, ബി.അജയ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറി മന്ദിരത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ 5 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ചതായി അറിയിച്ച എം.എൽ.എ ഒരു ലാപ്‌ടോപ്പും നൽകാമെന്ന് വാഗ്ദാനം ചെയ്തു.