കോട്ടയം: ലോക്ക് ഡൗണിന്റെ മറവിൽ കിലോയ്ക്ക് 160 രൂപ കടന്ന കോഴിവില 120ലേയ്ക്ക് തിരികെയെത്തി. മത്തി കിലോയ്ക്ക് 300ൽ നിന്ന് 140 ലേയ്ക്ക് താഴ്ന്നു. ഇതിനൊപ്പം പച്ചക്കറി വിലയും കുറഞ്ഞതോടെ കൊവിഡിൽ വേലയും കൂലിയും കാര്യമായില്ലാത്ത സാധാരണക്കാർക്ക് ആശ്വാസമായി.
തമിഴ് നാട് കൊവിഡിന്റെ പിടിയിൽ അമർന്നതാണ് കേരളത്തിലെ ഇറച്ചിക്കോഴി വില കൂട്ടിയത്. അവിടെ നിന്നുള്ള വരവ് കുറഞ്ഞതോടെ കേരളത്തിലുള്ള ഫാമിലെ കോഴികൾ മാത്രമായി വിപണിയിൽ. ലോക്ക് ഡൗണിൽ തീറ്റ കിട്ടാതായതോടെ ഇവിടെയും കോഴിക്ക് ക്ഷാമമായി .ഇത് ഡിമാൻഡ് കൂട്ടി . അടുത്തിടെ തമിഴ്നാട്ടിൽ നിന്ന് കോഴിവരവ് കൂടിയതോടെയാണ് വില ഇടിഞ്ഞത് .
മാട്ടിറച്ചി വില കിലോയ്ക്ക് 340 രൂപയിൽ നിന്ന് 380 രൂപ വരെ എത്തിയ ശേഷം 360ൽ സ്റ്റെഡിയായി നിൽക്കുന്നു. പാവപ്പെട്ടവരുടെ മീനെന്ന് വിശേഷിപ്പിച്ചിരുന്ന മത്തി, അയില വില കിലോയ്ക്ക് 300ലും 350ലും എത്തിയിരുന്നു . ട്രോളിംഗ് നിരോധനത്തോടെ വില കൂടുമെന്നാണ് കരുതിയതെങ്കിലും ചെറുവള്ളങ്ങളിൽ കടലിൽ പോകുന്നവർക്ക് വൻതോതിൽ മത്തി ലഭിക്കുന്നുണ്ട്. ഇതാണ് വില 150ലും താഴെയെത്താൻ കാരണം. കിളിമീൻ, അയില, നത്തോലി തുടങ്ങി സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന മീനുകൾക്കും വില കുറഞ്ഞു. വറ്റ. ആകോലി, കാളാഞ്ചി ,മോത , നന്മീൻ തുടങ്ങിയ മുന്തിയ ഇനങ്ങൾക്കും കിലോയ്ക്ക് 400- 500 രൂപയേ ഉള്ളൂ. പഴകിയ മീനുകൾ പിടിക്കാൻ നിരന്തരം റെയ്ഡ് തുടങ്ങിയതോടെ പുറത്തുനിന്നുള്ള മീൻ വരവ് കുറഞ്ഞിട്ടുണ്ട്.
കരിമീൻ, മൊരശ്, ചെമ്മീൻ തുടങ്ങിയ കായൽ മീനുകൾക്കും താരതമ്യേന വില കുറവാണ്. ഏ ഗ്രേഡ് കരിമീൻ കിലോയ്ക്ക് 500 രൂപയ്ക്കു ലഭിക്കും. മൊരശ് 300 രൂപയ്ക്കും, ചെമ്മീൻ 200-300 രൂപ നിരക്കിലും ലഭ്യമാണ്.
മത്തി 150
കോഴി 120
ചെമ്മീൻ 200
കരിമീൻ 500
പച്ചക്കറി വിലയും കുറഞ്ഞു
മത്സ്യത്തിനും മാംസത്തിനുമൊപ്പം പച്ചക്കറി വിലയും കുറഞ്ഞു. വൻ തോതിൽ ഉയർന്ന സവാള വില കിലോയ്ക്ക് 20 രൂപയിൽ താഴെയെത്തി . ഉയർന്ന ഉള്ളിവിലയും 40-50 നിരക്കിലായി. വെണ്ടക്ക, പാവക്ക, ബീൻസ് , പയറ് , കാരറ്റ്, തക്കാളി, ബീറ്റ് റൂട്ട്, കാബേജ് തുടങ്ങിയവയും കിലോക്ക് 30- 50 രൂപയിൽ സ്റ്റെഡിയാണ്.
കോഴി വരവ് കൂടിയിട്ടുണ്ട്. അതോടെ മത്സരത്തിന്റെ ഭാഗമായി അഞ്ചും പത്തും രൂപ വച്ച് കുറയ്ക്കേണ്ടിവരുന്നു. വില ഇനിയും കാര്യമായി കുറയാനാണ് സാദ്ധ്യത.
സതീശൻ, ഇറച്ചിക്കോഴി വ്യാപാരി. കോട്ടയം