കോട്ടയം: കാണാൻ ആളില്ലെങ്കിലും ലോക്ക് ഡൗൺ കാലത്തും പ്രവർത്തിക്കുന്നുണ്ട് തിയേറ്ററുകൾ. ജീവനക്കാർ കൃത്യമായി ഹാജർ. മുൻപ് ദിവസവും രണ്ട് മണിക്കൂറെങ്കിലും സിനിമ പ്രദർശിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴത് ആഴ്ചയിൽ രണ്ട് ദിവസത്തേയ്ക്ക് മാറ്റിയെന്ന് മാത്രം.

പ്രൊജക്ടർ, ജനറേറ്റർ, സൗണ്ട് സിസ്റ്റം തുടങ്ങിയ വില കൂടിയ ഉപകരണങ്ങൾ തുടർച്ചയായി പ്രവർത്തിക്കാതിരുന്നാൽ നാശമാകുമെന്നതിനാൽ നഷ്ടം സഹിച്ചും പ്രവർത്തിക്കുകയാണ് ജില്ലയിലെ സിനിമ തിയേറ്ററുകൾ. 'വരനെ ആവശ്യമുണ്ട്',​ അയ്യപ്പനും കോശിയും എന്നിവ തകർത്ത് ഓടുമ്പോഴാണ് അപ്രതീക്ഷിതമായി തിയേറ്ററുകൾ അടച്ചത്. തുറക്കാൻ ഇത്രയും ദിവസം നീളുമെന്ന് ഒരാൾ പോലും കരുതിയില്ല. മാർച്ച് 28ന് റിലീസാവേണ്ടതായിരുന്നു ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം'. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് അടക്കമുള്ള കുഞ്ഞൻ ചിത്രങ്ങളുടേയും റിലീസ് മാറ്റി.

വേനലവധിക്കാലത്ത് സാധാരണയായി ഒരുപാട് സിനിമകൾ റിലീസ് ചെയ്തിരുന്നതാണ്. തിയേറ്ററുകൾക്ക് വൻലാഭവും ഇക്കാലത്താണ് ലഭിച്ചിരുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള സിനിമകളും റിലീസിനൊരുങ്ങിയിരുന്നത് അവധിക്കാലങ്ങളിലാണ്.

 പ്രതീക്ഷ അടുത്ത ഇളവിൽ

അടുത്ത ലോക്ക് ഡൗൺ ഇളവിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉടമകൾക്കും ജീവനക്കാർക്കും. ഇതിനിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യുന്നതിൽ ആശങ്കയമുണ്ട്.

പ്രതിമാസ

നഷ്ടം

20 ലക്ഷം രൂപ

' അടഞ്ഞു കിടന്നാലും പ്രവർത്തനങ്ങളെല്ലാം സജീവമാണ്. ദിവസവും വൃത്തിയാക്കണം,​ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും പ്രൊജക്ടറും എ.സിയും സൗണ്ട് സിസ്റ്റവും പ്രവർത്തിപ്പിക്കണം. ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. വൈദ്യുതി ചെലവ് കൂടിയതോടെ അത് ആഴ്ചയിൽ ഒന്നായി കുറച്ചു. നഗരത്തിലെ മറ്റൊരു തിയേറ്ററാവട്ടെ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

സബിൻ,​ തിയേറ്റർ ജീവനക്കാരൻ