bsnl-tower
ചിത്രം: കുരിശുപാറയില്‍ സ്ഥാപിച്ചിട്ടുള്ള ബിഎസ്എന്‍എല്‍ ടവര്‍

അടിമാലി: അടിമാലി കുരിശുപാറയിൽ സ്ഥാപിച്ചിട്ടുള്ള ബി.എസ്.എൻ.എൽ ടവറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. കുരിശുപാറയിൽ മൊബൈൽ കവറേജും ആശയവിനിമയവും സാധ്യമാക്കുന്നത് ബി.എസ്.എൻ.എല്ലിന്റെ ഒരേ ഒരു ടവറാണ്. എന്നാൽ വൈദ്യുതി പോയാലുടൻ ടവറിന്റെ പ്രവർത്തനം താറുമാറാകുന്നതാണ് പ്രദേശവാസികളെ വലയ്ക്കുന്നത്. ഇടയ്ക്കിടെ മൊബൈൽ കവറേജ് നഷ്ടമാകുന്നത് കുട്ടികളുടെ ഓൺലൈൻ പഠനത്തെയും പ്രദേശത്തെ റേഷൻകടയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴക്കാലമാകുന്നതോടെ കുരിശുപാറ, മാങ്കുളം മേഖലകളിൽ വൈദ്യുതി മുടക്കം പതിവാകും. നിലവിലെ സ്ഥിതിയിൽ ഈ സമയത്തൊന്നും കുരിശുപാറയിൽ മൊബൈൽ കവറേജ് ഉണ്ടാകില്ല. കാലവർഷക്കെടുതിയിൽ ഏതെങ്കിലും വിധത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ പോലും വിളിച്ചറിയിക്കാൻ കുടുംബങ്ങൾക്ക് മാർഗമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യുതി പോകുന്ന സമയത്തും ടവറിന്റെ പ്രവർത്തനം സുഗമമായി പോകും വിധം സംവിധാനമൊരുക്കണമെന്നാണ് പ്രദേശത്തെ കുടുംബങ്ങളുടെ ആവശ്യം.