bridge
ചിത്രം: പുനര്‍നിര്‍മ്മാണം കാത്ത് കിടക്കുന്ന പാലം.

അടിമാലി: 2018ലെ പ്രളയത്തിൽ തകർന്ന അടിമാലി 12-ാം മൈലിലെ പാലം പുനർ നിർമ്മിക്കാൻ ഇനിയും നടപടിയില്ല. 12-ാം മൈലിനെയും മെഴുകുംചാലിനെയും തമ്മിൽ ബന്ധിപ്പിച്ച് ദേവിയാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരുന്ന പാലത്തിന്റെ മധ്യഭാഗമായിരുന്നു പ്രളയത്തിൽ ഒഴുകി പോയത്. മെഴുകുംചാൽ മേഖലയിലെ വിദ്യാർത്ഥികളടക്കമുള്ളവർ കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും പാലം പുനർ നിർമ്മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഒഴുകി പോയ പാലത്തിന്റെ മധ്യ ഭാഗത്ത് നാട്ടുകാർ ചേർന്ന് കമുക് വെട്ടിയിട്ട് താത്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്. ഉറപ്പൊന്നുമില്ലാത്ത ഈ താത്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര. കൈവരി പോലുമില്ലാത്ത ഈ പാലത്തിൽ നിന്ന് കാലൊന്ന് വഴുതിയാൽ അത് ദുരന്തത്തിന് വഴിയൊരുക്കും. ഈ കാലവർഷത്തിലും കുതിച്ചൊഴുകുന്ന പുഴയ്ക്ക് മുകളിലൂടെ ജീവനും കൈയിൽ പിടിച്ച് അക്കരയിക്കരെ എത്തണമല്ലോയെന്ന ആശങ്കയിലാണ് നാട്ടുകാർ.