samar

കോട്ടയം : ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ അതിരപ്പിള്ളി മാത്രമല്ല, കോട്ടയം മെഡിക്കൽ കോളേജിനും പരിസരത്തിനും പച്ചപ്പിന്റെ തണലും ശുദ്ധവായുവും പ്രദാനം ചെയ്യുന്ന സ്വാഭാവിക വനം വെട്ടി നശിപ്പിക്കാനുള്ള നീക്കവും ചെറുത്തു തോല്പിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. 'സേവ് അതിരപ്പിള്ളി, കാമ്പയിന്റെ ഭാഗമായി ഇസ്കഫ് ജില്ലാ കമ്മറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയുടെ അജണ്ടയിലോ പ്രകടന പത്രികയിലോ ഇല്ലാത്തതും മുന്നണി നിലപാടിന് വിരുദ്ധവുമായ കാര്യങ്ങൾ യാതൊരു കൂടിയാലോചനകളോ ചർച്ചകളോ കൂടാതെ പ്രഖ്യാപിക്കുന്നതും നടപ്പിലാക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നതും മുന്നണിയുടെ അന്തസത്തക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ ആമുഖ പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് വി.വൈ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ റോജൻ ജോസ്, പരിസ്ഥിതി പ്രവർത്തകനായ കെ.ബിനു, ജില്ലാ സെക്രട്ടറി അഡ്വ.കെ.ആർ.പ്രവീൺ, അഖിൽ വിഷ്ണു, പി.വി.സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.