കോട്ടയം: ആ മിണ്ടാ പ്രാണിക്കറിയില്ലായിരുന്നു നമ്മൾ മനുഷ്യരുടെ സമയനിഷ്ഠ. ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞാൽ പിന്നെ ഒരു മിനിട്ട് പോലും ചികിൽസ നൽകാനാവില്ലെന്ന് ആരോഗ്യപ്രവർത്തകർ ശഠിച്ചതോടെ ആ നായ രോഗം കലശലായി ചത്തു. കോടിമത മൃഗാശുപത്രിയിലാണ് സംഭവം.
പാറമ്പുഴ സ്വദേശിയുടെ ജെർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് ചികിത്സ ലഭിക്കാതെ ചത്തതായി പരാതി ഉയർന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നായ അഞ്ചു ദിവസത്തോളമായി ഈ മൃഗാശുപത്രിയിലെ ചികിത്സയിലായിരുന്നു. ഇന്നലെ രോഗം കലശലായതോടെ ഉടമ നായയെ ആശുപത്രിയിൽ കൊണ്ടുചെന്നു. ചികിത്സാ മുറിയിൽ എത്തിച്ച് കുത്തി വെപ്പ് എടുത്തയുടൻ നായ കുഴഞ്ഞു വീഴുകയാണുണ്ടായത്. എന്നാൽ ഒരു മണിയായെന്നും ഓഫീസ് സമയം കഴിഞ്ഞെന്നും നായയെ എടുത്തു കൊണ്ടു പോകണമെന്നും ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. നായ കുഴഞ്ഞു വീണുകിടന്നിട്ടും ആരും പരിശോധിക്കാൻ തയ്യാറായില്ലെന്നും ഉടമയായ വീട്ടമ്മ ആരോപിക്കുന്നു. ഒരു മണിക്കൂറോളം ആശുപത്രി മുറ്റത്ത് കിടന്ന് നായ ചത്തു.