കേരള കോൺഗ്രസുകാരെക്കൊണ്ട് ചുറ്റുവട്ടത്തുള്ളവർ തോറ്റു. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുമെന്ന് പറയുന്നതു പോലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി ജോസും ജോസഫും കുറെ നാളുകളായി കോട്ടയത്ത് നടത്തുന്നത്. ഒന്നായി നിൽക്കുമ്പോൾ നമ്മളൊന്നാണേ പാടും. പിളർന്നാൽ തീർന്നു. നേതാക്കൾ കർട്ടനു പിറകിൽ നിന്നിട്ട് കുട്ടി കുരങ്ങിനെക്കൊണ്ട് ചുടുചോർ മാന്തിക്കുന്നതുപോലെ കുട്ടി നേതാക്കളെക്കൊണ്ടാണ് വാക് പോര് നടത്തുന്നത്.

കോഴി വിളിയാണ് കൂടുതലും. ഒരു നേതാവിനെ വയസൻ കോഴിയെന്നു വിളിച്ചാൽ മറ്റേ നേതാവിനെ വസന്ത പിടിച്ച കോഴിയെന്ന് അപരൻ വിളിക്കും. മലയാള ഭാഷയ്ക്ക് പുതിയ കുറെ പദങ്ങൾ പിളർപ്പിനിടയിൽ വീണ് കിട്ടിയിട്ടുണ്ട്. പരസ്പരം കൈയ്യാങ്കളിയില്ലെന്നത് ആശ്വാസം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ.എം.മാണി ജീവിച്ചിരുന്നപ്പോൾ (ഒന്നായിരുന്നപ്പോൾ ) രണ്ട് നേതാക്കൾക്കായി വീതംവച്ചിരുന്നു. മാണിയുടെ മരണ ശേഷം ജോസും ജോസഫും രണ്ട് വഴിക്കായപ്പോൾ പ്രസിഡന്റ് സ്ഥാനം വീണ്ടും വീതം വയ്ക്കണമെന്ന ആവശ്യം ജോസഫ് ഉയർത്തി. കെ.എം.മാണിയുടെ കാലത്തെ പോലെ എഴുതിവച്ച രേഖയില്ലാതെ ആകെ 14 മാസകാലയളവിൽ എട്ടുമാസം ജോസിനും ആറ് മാസം ജോസഫിനുമായി വീതംവച്ചു കൊടുത്തത് ഉമ്മൻചാണ്ടി അടക്കം ഉന്നത കോൺഗ്രസ് നേതാക്കളായിരുന്നു.

രേഖഎവിടെയെന്ന് ജോസ് ചോദിച്ചാൽ വിയറ്റ് നാം കോളനി സിനിമയിൽ ചങ്ങലയിൽ കിടക്കുന്ന ശങ്കരാടിയുടെ ഭ്രാന്തൻ കഥാപാത്രം പറയുന്നതു പോലെ ഇതാണ് രേഖയെന്ന് പറഞ്ഞ് കൈവെള്ളയിലെ രേഖയേ ഉമ്മൻചാണ്ടിക്കും ജോസഫിനും പോലും കാണിക്കാനുള്ളൂ. പിന്നെന്ത് ചെയ്യും. സാമം ദാനം ഭേദം തുടങ്ങിയ അടവുകൾ ഫലിക്കാതെ വന്നതോടെ ജോസഫ് അവിശ്വാസമെന്ന ദണ്ഡം അടവ് പുറത്തെടുത്തു. മിഥുനം സിനിമയിൽ നെടുമുടി വേണുവിന്റെ പൂജാരി കഥാപാത്രം തേങ്ങ ഉടയ്ക്കാതെ ഇപ്പം പൊട്ടിക്കുമെന്ന് പറഞ്ഞ് ആഞ്ഞ് നിൽക്കുന്നതു പോലെ നിൽക്കാൻ തുടങ്ങിയിട്ട് കുറേ ദിവസങ്ങളായി.

യു.ഡി.എഫിലെ ഒരു കക്ഷി മറ്റൊരു കക്ഷിക്കെതിരെ അവിശ്വാസം കൊണ്ടു വന്നാൽ അത് മുന്നണി ബന്ധത്തെ പിടിച്ചുലക്കുമെന്നറിയാവുന്ന സകല നേതാക്കളും നാട് മുഴുവൻ ഓടി നടന്ന് ചർച്ച നടത്തുകയാണ്. പക്ഷേ വഞ്ചി കെട്ടഴിക്കാതെ തിരുനക്കരെ ചുറ്റുവട്ടത്തു തന്നെ. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാം പകരം മോൻസ് ജോസഫിന്റെ കടുത്തുരുത്തി സീറ്റ് അടക്കം ഡിമാൻഡുകൾ ജോസ് മുന്നോട്ടുവച്ചത് വേല മനസിലിരിക്കട്ടെയെന്ന് പറഞ്ഞ് ജോസഫ് തള്ളിയതോടെ പന്ത് വീണ്ടും യു.ഡി.എഫ് കോർട്ടിലെത്തി. സത്യം പറഞ്ഞാൽ അമ്മ തല്ലുകൊള്ളും അല്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും എന്ന അവസ്ഥയിലാണ് യു.ഡി.എഫ് നേതാക്കൾ.

രണ്ടു കൂട്ടരും തമ്മിതല്ലി നിൽക്കുന്നതല്ലാതെ മുന്നണി വിടില്ലെന്നറിയാമെങ്കിലും കുറുക്കൻ മുട്ടനാടിന് പിറകേ നടന്നതു പോലെ ഇപ്പം വീഴുമെന്നും പ്രതീക്ഷിച്ചു നിൽക്കുകയാണ് ഇടതുമുന്നണി. ഇതിനിടയിൽ ബിജെ.പി സംസ്ഥാന പ്രസിഡന്റും പുതിയ ബാന്ധവത്തിന്റെ ക്ഷണക്കത്ത് ഇറക്കിയിട്ടുണ്ട്. അടുത്ത ടേമിൽ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരികയും ജോസഫിന്റെ ആരെങ്കിലും ജയിക്കുകയും ചെയ്താൽ പ്രസിഡന്റ് സ്ഥാനം ആദ്യടേമിൽ നൽകാമെന്ന ഒത്തു തീർപ്പ് ഫോർമുല കേട്ട് ചിരിക്കണോ അതോ കരയണോ എന്നറിയാതെ നിൽക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ !