പൂഞ്ഞാർ : പുണ്യം നിറഞ്ഞ പൂഞ്ഞാറിനെ ക്ഷേത്ര നഗരിയാക്കുന്നതിന് ചരിത്രകാരൻ മണ്ണാറാകത്തുസാറും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പൂർത്തീകരണത്തിന് സംഭാവന നൽകി മതസൗഹാർദ്ദത്തിന്റെ മാതൃക നൽകുകയാണ് ചരിത്രകാരൻ കൂടിയായ മാത്യു മണ്ണാറാകം.

അഷ്ടമംഗല ദേവപ്രശ്‌ന വിധി പ്രകാരം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സുബ്രഹ്മണ്യനും, മഹാദേവനും തുല്യപ്രാധാന്യം കൽപ്പിച്ചുള്ള രണ്ട് ശ്രീകോവിലുകളോട് കൂടിയതാണ് ക്ഷേത്രം. പൂർണമായും പ്രകൃതിദത്തമായ കൃഷ്ണശിലയിലും ഉത്തമവൃക്ഷങ്ങളിലുമായി നിർമ്മാണം പൂർത്തീകരിക്കുന്നതിന് ധാരാളം തടി ആവശ്യമാണ്. പൂഞ്ഞാർ ശാഖയ്ക്കകത്തും പുറത്തു നിന്നുമായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്ര നിർമ്മാണത്തിനാവശ്യമായ തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങൾ സംഭാവനയായി നൽകുന്നുണ്ട്.

പൂഞ്ഞാർ ചരിത്രമുറങ്ങുന്ന പുണ്യഭൂമി, മലനാടിന്റെ ഇതിഹാസം തുടങ്ങിയ ചരിത്ര കൃതികൾ രചിച്ച മാത്യു മണ്ണാറാകത്തിനോട് ക്ഷേത്ര യോഗ ഭാരവാഹികൾ നിർമ്മാണ കാര്യങ്ങൾ സംസാരിച്ചപ്പോൾ പുരയിടത്തിലെ തേക്ക് മരം സമർപ്പിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.