കോട്ടയം: കേരളത്തിലെ ഏക എ.സി ഹൈടെക്ക് വിദ്യാലയമായ എറികാട് ഗവ.യു.പി സ്‌കൂളിൽ ഓൺലൈൻ പഠനസൗകര്യമില്ലാതിരുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും കെ.എസ്.ഇ.ബിയും ചേർന്നു പഠനസൗകര്യമൊരുക്കി. പ്രധാന അദ്ധ്യാപികയുടെ ചുമതലയുള്ള കെ.വി ലൈലജയും, സ്റ്റാഫ് പ്രതിനിധി സി.പി രാരിച്ചനും, പി.ടി.എ പ്രസിഡൻ്റ് സതീഷ് കൊച്ചുകരോട്ടിന്റെയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ചെയ്തത്. പുതുപ്പള്ളി വയർമെൻ അസോസിയേഷൻ പ്രസിഡൻ്റ് സി.എൻ സുധീന്ദ്രന്റെ നേതൃത്വത്തിൽ വീട്ടിലെ വയറിംഗ് പൂർത്തിയാക്കി. തുടർന്നു പുതുപ്പള്ളി വൈദ്യുതി സെക്ഷനിൽ വൈദ്യുതി കണക്ഷനായി അപേക്ഷ നൽകി. അസി.എൻജിനീയർ അനിൽ ജി.നാഥിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകി. പി.ടി.എയുടെ നേതൃത്വത്തിൽ സ്‌കൂളിലെ അഞ്ചു കുടുംബങ്ങൾക്കാണ് ടി.വിയും കേബിൾ കണക്ഷനും നൽകിയത്.