കോട്ടയം : മുണ്ടക്കയത്ത് ലഹരിയ്ക്ക് അടിമയായ യുവാവ് അയൽവാസിയെ കരിങ്കല്ലിന് എറിഞ്ഞ് കൊലപ്പെടുത്തി. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ സാബുവാണ് (ജേക്കബ് ജോർജ് - 53) കൊല്ലപ്പെട്ടത്. വൈകിട്ട് ഏഴുമണിയോടെ സാബു ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അക്രമം. അയൽവാസിയായ ബിജുവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒരു പ്രകോപനവുമില്ലാതെ സാബുവിന് നേരെ കല്ലെറിയുകയായിരുന്നു. പരിക്കേറ്റ് രക്തം വാർന്ന് സാബു റോഡിൽ വീണതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടിക്കാനായില്ല. സാബുവിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ : ബിന്ദു. മക്കൾ: അലീന, അനുമോൾ. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് മോർച്ചറിയിൽ. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നു.