എരണ്ടക്കെട്ട്, നാട്ടാനകളുടെ ജീവനെടുക്കുന്ന വില്ലൻ

കോട്ടയം: നല്ല പ്രായത്തിൽ പൊലിഞ്ഞ എത്രയെത്ര കൊമ്പൻമാർ. ആ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ചരിഞ്ഞ ചാന്നാനിക്കാട് വിജയസുന്ദർ. എരണ്ടക്കെട്ടിനെ തുടർന്നു കുടൽ പൊട്ടിയാണ് ആനയുടെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എരണ്ടക്കെട്ട് എത്രത്തോളം ഭീകരമെന്ന് വ്യക്തമാക്കുന്നതാണ് വിജയസുന്ദറിന്റെ മരണം സംബന്ധിച്ച പോസ്റ്റ് മോ‌ർട്ടം റിപ്പോർട്ട് എന്നും ആനചികിത്സാരംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. നാട്ടാനകളിൽ എരണ്ടക്കെട്ടിനുള്ള സാധ്യത അനുനിമിഷം വർദ്ധിക്കുകയാണെന്ന് ഇവർ പറയുന്നു. ഭക്ഷണക്രമീകരണത്തിലെ വീഴ്ചയും മണിക്കൂറുകൾ നീണ്ട ലോറി യാത്രയുമാണ് നാട്ടാനകളിൽ എരണ്ടകെട്ടിന് കാരണമാകുന്നു. കാട്ടിൽ മേയുന്ന ആനകൾ കഴിക്കുന്നത് പുല്ലും പഴങ്ങളുമാണ്. എന്നാൽ നാട്ടാനകൾക്ക് പ്രധാന ഭക്ഷണമായി നൽകുന്നത് പനയോലയും തെങ്ങിന്റെ ഓലയുമാണ്. ഇവ നാര് കൂടുതലായി അടങ്ങിയ ഭക്ഷണമാണ്. ഇത് ആനയുടെ ദഹനപ്രക്രിയ താളം തെറ്റിക്കും. കാട്ടാനകൾ ദിവസം 40 കിലോമീറ്ററെങ്കിലും ശരാശരി നടക്കും. രാവിലെ കുളിപ്പിച്ച ശേഷം നാട്ടാനകളെ നടത്തിക്കണമെന്നു ഡോക്‌ടർമാർ പറയുന്നു.

 ഭീകരം, ദാരുണം

മേയ് 16 മുതലാണ് ചാന്നാനിക്കാട് വിജയസുന്ദറിന് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. കോത്തലയിൽ എത്തിച്ച ആനയ്ക്ക് ആദ്യം വയറിളക്കവും, വയർവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്നു വെറ്റിനറി സർജൻ ഡോ.ബിജു ഗോപിനാഥിന്റെ പരിചരണത്തിലായിരുന്നു. ഇവിടെ വച്ച് വയറിളക്കം പൂർണമായും ഭേദമായ ശേഷം ചാന്നാനിക്കാട്ടെ പുരയിടത്തിലേയ്ക്ക് ആനയെ എത്തിച്ചു. എട്ടു ദിവസത്തിനു ശേഷം ആന വീണ്ടും അസ്വസ്ഥ കാട്ടി. തുടർന്നാണ് ചരിഞ്ഞത്. കോത്തലയിലെ പാറക്കുളത്തിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്നാണ് ആനയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ടാർ വീപ്പയുടെ വലുപ്പത്തിലാണ് ആനയുടെ വയറ്റിൽ പിണ്ടം കണ്ടെത്തിയത്.

എരണ്ടക്കെട്ട് ഉണ്ടാകാതിരിക്കാൻ

പനയോലയും, തെങ്ങോലയും കൂടുതൽ നൽകാതിരിക്കുക

ആനയ്ക്ക് നന്നായി വെള്ളം നൽകുക

രാവിലെ കുളിപ്പിക്കും മുൻപ് ആനകളെ നാലു കിലോമീറ്ററെങ്കിലും നടത്തിക്കുക

ലക്ഷണങ്ങൾ

തീറ്റയും വെള്ളവും എടുക്കാതിരിക്കൽ

പിണ്ടമിടാതിരിക്കുക

വയറ്റിലെ അസ്വസ്ഥത

വിവരങ്ങൾ - ഡോ.ശശീന്ദ്രദേവ് (മുൻ വനം വകുപ്പ ഡോക്‌ടർ, നിലവിൽ ദേവസ്വം വെറ്റിനറി ഓഫിസർ)