കോഴയിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ്‌ കേന്ദ്രം പ്രവർത്തനരഹിതം

കുറവിലങ്ങാട്: മാലിന്യമല, അല്ലാതെ എന്തു വിളിക്കാൻ, ഈ മഴക്കാലത്ത് രോഗം വരുത്തിവെയ്ക്കാൻ മറ്റു വല്ലതും വേണോ! ഉഴവൂർ കോഴയിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ്‌ കേന്ദ്രം കണ്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും. കാരണം അത്രയേറെയുണ്ട് മാലിന്യക്കൂമ്പാരം. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കോഴാ ബ്ലോക്ക് ഓഫീസിന് സമീപമാണ് പ്ലാസ്റ്റിക്ക് ഷ്രെഡിംഗ്‌ കേന്ദ്രം. കഴിഞ്ഞ മാർച്ച് മുതൽ സംസ്‌ക്കരണ പ്ലാന്റ് പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യവും മറ്റും കുന്നുകൂടിയത്. പ്രദേശത്തെ പഞ്ചായത്തുകളിൽ നിന്നും സംസ്‌ക്കരണത്തിനായി എത്തിച്ച പ്ലാസ്റ്റിക്ക് വസ്തുക്കളും ഇതിൽ ഉൾപ്പെടും. മാലിന്യം കുന്നുകൂടിയത് വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്. ഇതാണ് ഇപ്പോൾ രോഗഭീഷണി ഉയർത്തുകയാണ്. സ്ഥിതി ഗുരുതരമായിട്ടും ഉത്തരവാദിത്വപ്പെട്ടവർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.

 നീങ്ങുമോ ഈ ദുരിതം!

ബ്ലോക്കിലെ എട്ട് പഞ്ചായത്തിലെ വീടുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിത്താണ് ഇവിടെ കുട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സർക്കാർ ചുമതലപെടുത്തിയ ക്ലീൻ കേരളാ എന്ന കമ്പനി ഇവിടെ നിന്നും പൊടിച്ച പ്ലാസ്റ്റിക്കുകൾ എടുത്ത് മാറ്റാത്തതാണ് പ്ലാന്റ് പ്രവർത്തനം നിറുത്താൻ കാരണമായി പറയുന്നത്.

ഭയപ്പെടുത്താൻ പാമ്പും

പ്ലാസ്റ്റിക്ക് കൂനയ്ക്കൊപ്പം കാടും വളർന്നതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. രാത്രി സമയങ്ങളിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.