koda

ചങ്ങനാശേരി : സമ്പൂർണ ലോക്ക് ഡൗൺ ദിവസം ലക്ഷ്യമിട്ട് ചാരായ നിർമ്മാണത്തിനായി തയ്യാറാക്കിയ 40 ലിറ്റർ കോട ചങ്ങനാശേരി റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.ശ്രീകാന്തിന്റെ നേതൃത്വത്തിൽ കണ്ടെടുത്തു. മാടപ്പള്ളി പൊയ്ന്താനം ഭാഗത്ത് മണ്ണെടുത്ത് ആൾത്താമസമില്ലാതെ കാടുമൂടി കിടന്ന പറമ്പിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. സമീപത്തെ പാറക്കുളം കേന്ദ്രീകരിച്ച് കഞ്ചാവ് സംഘം തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തൃക്കൊടിത്താനം ആരമലക്കുന്ന് ജംഗ്ഷനിൽ റോഡരികിൽ നിന്ന് പരസ്യമായി മദ്യപിച്ചതിന് ചങ്ങനാശേരി വെട്ടിത്തുരുത്ത് തുരുത്തി കവലയിൽ വീട്ടിൽ സുലൈമാൻ കുഞ്ഞിനെ (66) പിടികൂടി ജാമ്യത്തിൽ വിട്ടു. പെരുന്ന ബസ് സ്റ്റാൻഡിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളിയായ രാജീവ് ബഹാദൂരിൽ നിന്ന് 15 പായ്ക്കറ്റ് ഹാൻസും പിടികൂടി. ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ആർ. കെ രാജീവ്, വി. എൻ പ്രദീപ്കുമാർ, കെ.എൻ അജിത്കുമാർ ഡ്രൈവർ റോഷി വർഗ്ഗീസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.