കോട്ടയം : ദുരിതകാലത്തിന്റെ നൂറു ദിനങ്ങളിലേയ്ക്ക് ജില്ല! ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറു ദിവസം പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ ആശ്വാസത്തോടെ ദുരിതകാലത്തെ നേരിട്ട ജില്ല ഇന്ന് ആശങ്കയുടെ നൂൽപ്പാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഓരോ ഘട്ടത്തിലും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇതുവരെ 46 പേർ രോഗമുക്തി പ്രാപിച്ചപ്പോൾ 48 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു.
രണ്ടാം ഘട്ട കോവിഡ് കേരളത്തിലെത്തിയപ്പോൾ രോഗം സ്ഥിരീകരിച്ച രണ്ടുപേർ ജില്ലയിൽ നിന്നുള്ളവരായിരുന്നു. ചെങ്ങളം സ്വദേശികളായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ഇവർ ആശുപത്രി വിട്ടു. തുടർന്ന് രോഗ വ്യാപന നിരക്ക് കുറഞ്ഞു. ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 18 പേർ രോഗബാധിതരായെങ്കിലും വളരെ വേഗം രോഗമുക്തി പ്രാപിച്ചു. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ രോഗം വർദ്ധിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇതര ജില്ലകളെ അപേക്ഷിച്ചു രോഗബാധിതർ കുറവാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവും ജില്ലയിൽ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ശുഭസൂചനയാണ്.
പരിശോധനയും വർദ്ധിപ്പിച്ചു
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ പരിശോധനയും വർദ്ധിപ്പിച്ചു. നേരത്തെ രോഗ ലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നത്. കോട്ടയം മെഡിക്കൽ കോളജിലും തലപ്പാടിയിലെ സെന്ററിലുമാണ് പരിശോധനാ സൗകര്യമുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ ഇവിടെ പരിശോധിക്കുന്നു.