പൊൻകുന്നം: പതിനൊന്നര അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന വാഴയിൽ പത്തര അടി നീളത്തിൽ നൂറ്റിഅമ്പതു പടലകളിലായി നാലായിരത്തോളം കായ്കളുമായി അപൂർവ ഇനം വാഴ കുലച്ചു.മൂസാ പിസാംഗ്് സെറീബൂ എന്ന വാഴ പേരെടുക്കാൻ പിന്നെന്തുവേണം.
കാഴ്ചയ്ക്കു കൗതുകവും കായ്കൾക്ക് അസൽ രുചിയും പ്രദാനം ചെയ്യുന്ന വാഴ പൊൻകുന്നം അമ്മു ലക്കി സെന്റർ ഉടമയായ ഇമ്മാനുവൽ തോമസിന്റെ കൊപ്രാക്കളത്തെ വീട്ടുമുറ്റത്താണുള്ളത്. ആഫ്രിക്കയിലെ ഘാനയിൽ നിന്നുള്ള ഈ ജനുസ്സ് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ലഭിച്ചത്. ഗവേഷണ കേന്ദ്രത്തിലെ ഡോ.മഞ്ജുവിന്റെ ഉപദേശങ്ങൾ ഏറെ ഗുണകരമായിയെന്ന് ഇമ്മാനുവൽ പറയുന്നു. 2019 മെയ് മൂന്നിന് നട്ട വാഴ ഈ വർഷം ജനുവരി എട്ടിന് കുലച്ചു. പടലകൾ ഇനിയും വിരിഞ്ഞു തീർന്നിട്ടില്ല.
മുകൾ ഭാഗത്തുള്ള കായ്കൾ പഴുത്തു തുടങ്ങി. സാധാരണ വാഴയ്ക്കുള്ള പരിചരണങ്ങൾ തന്നെയാണ്'മൂസയ്ക്കും 'കൊടുത്തിരുന്നതെങ്കിലും സമ്മിശ്ര വളങ്ങൾ ധാരാളമായി നൽകി. ആഘോഷ ചടങ്ങുകളിലേക്ക് അലങ്കാരമായി ഈ വാഴക്കുല പതിനായിരങ്ങൾ മുടക്കി വാങ്ങുന്നവരുണ്ട്. വാഴക്കുല കാണുന്നതിനും സെൽഫി എടുക്കുന്നതിനുമായി നിരവധി സന്ദർശകർ എത്തുന്നുണ്ടെന്ന് ഇമ്മാനുവേൽ പറഞ്ഞു.