അടിമാലി:വീടുവിട്ടുപോയശേഷം പിറ്റേദിവസം കണ്ടെത്തിയ വാളറ കുളമാൻകുഴി ആദിവാസി കുടിയിലെ പതിനേഴുകാരിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. 13ന് രാവിലെയാണ് കൃഷ്ണപ്രിയ (17) ആത്മഹത്യ ചെയ്തത്. ബന്ധുവായ 21കാരിയും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരികയാണ്.
ഇരുവരുടെയും മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്. മരിച്ച പെൺകുട്ടിയ്ക്ക് വീട്ടുകാർ ഫോൺ വാങ്ങി നൽകിയിട്ടില്ല.എന്നാൽ ഇവരുടെ കൈവശം കുറച്ച് ദിവസങ്ങളായി ഫോൺ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.
നിരന്തരം ഫോൺ ഉപയോഗിക്കുന്നതു കണ്ട കൃഷ്ണപ്രിയയുടെ മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് 11 മുതൽ ഇരുവരെയും കാണാതായി. ബന്ധുക്കൾ അടിമാലി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിറ്റേന്ന് ഇവരെ വഴിയിൽ കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവിന്റെ വീട്ടിൽ താമസിപ്പിച്ചു. അടുത്ത ദിവസം കൗൺസലിംഗിന് കൊണ്ടുപോകാൻ വീട്ടിലെത്തിച്ചപ്പോൾ കൃഷ്ണപ്രിയ സമീപമുള്ള മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞ കൂട്ടുകാരി വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
11ന് വീടുവിട്ട് ഇറങ്ങിയ രണ്ടുപേരും സമീപമുള്ള വനത്തിലെ ചോലമരത്തിന്റെ പൊത്തിൽ പകൽ തങ്ങിയെന്നും രാത്രിയിൽ ചികത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ശുചിമുറിയിൽ ഒളിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് പൂർണമായും വിശ്വാസയോഗ്യമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിന് മൊഴി നൽകി. മരണത്തിൽ അസ്വാഭാവികതയില്ലെന്നും ദുരൂഹത നീക്കാൻ അന്വേഷണം നടത്തുമെന്നും സി. ഐ.അനിൽ ജോർജ് പറഞ്ഞു
പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ഗോത്രാചാരപ്രകാരം സംസ്‌ക്കരിച്ചു.