പാലാ : ദിവസങ്ങളായി അടഞ്ഞുകിടന്ന വീട് കുത്തിതുറന്ന് മോഷണശ്രമം. വള്ളിച്ചിറ പറേക്കണ്ടം ഒഴുകയിൽ റൂബി ജോർജിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 11 ദിവമായി റൂബിയും കുടുംബവും തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. മക്കൾ വിദേശത്ത് ജോലിയിലാണ്. ശനിയാഴ്ച റൂബി തിരികെ വള്ളിച്ചിറയിലെ വിട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

മുൻവാതിൽ കോടാലി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. മുറിയിലെ അലമാരകൾ തുറന്ന് തുണികളും മറ്റും വാരിവലിച്ചിട്ട് തിരച്ചിൽ നടത്തിയിട്ടുണ്ട്. വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന 8 സിസിടിവി കാമറകൾ മോഷണം പോയിട്ടുണ്ട്.

മുറിക്കുള്ളിലെ അലമാരകൾ ടോർച്ച ലൈറ്റുപയോഗിച്ച് മോഷ്ടാവ് പരിശോധിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുക്കള ഭാഗത്തുള്ള കാമറായിൽ മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാലാ ഡിവൈ.എസ്.പി കെ. ബൈജുകുമാർ പറഞ്ഞു.

വാതിൽ വെട്ടിപ്പൊളിക്കാനുപയോഗിച്ച കോടാലി പുരയിടത്തിൽ നിന്നം കണ്ടെടുത്തിട്ടുണ്ട്. കോട്ടയത്ത് നിന്നും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.