വെച്ചൂരിൽ 3200 ഏക്കറിലെ കൃഷി നാശത്തിന്റെ വക്കിൽ
വൈക്കം: പാടശേഖരങ്ങളിലെ പുളിപ്പ് നീക്കാൻ ഉപയോഗിക്കുന്ന നീറ്റുകക്ക ലഭിക്കാതായതോടെ വെച്ചൂർ മേഖലയിലെ നെൽകൃഷി പ്രതിസന്ധിയിൽ. വിത പൂർത്തിയായ പാടങ്ങളിൽ പുളിപ്പിറങ്ങി നെൽചെടികൾ നശിക്കുമെന്ന സ്ഥിതിയായി. കൃഷി നശിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്ന് കർഷകരും പറയുന്നു. വെച്ചൂർ മേഖലയിൽ 30 പാടശേഖരങ്ങളിലായി 3200 ഓളം ഏക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്. പുളിപ്പ് നീക്കാൻ നീറ്റു കക്ക വിതറിയ ശേഷം നിലം ഉഴുമറിച്ചു വിത നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ വിതകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നീറ്റു കക്ക ലഭിച്ചില്ല. ഇനിയും വൈകിയാൽ പുളിപ്പിറങ്ങി നെൽചെടികൾ പൂർണ്ണമായും നശിക്കും. ശക്തമായി മഴ ലഭിച്ചാൽ പുളിപ്പ് കുറയുമെന്നതിനാൽ മഴയ്ക്കായി പ്രാർത്ഥനയിലാണ് കർഷകർ. ഇനി നടപടിക്രമങ്ങൾ പൂർത്തിയായാലും നീറ്റുകക്ക ലഭിക്കാൻ ഇനി ഒരു മാസമെടുക്കുമെന്ന് കർഷകർ പറയുന്നു. വേനൽമഴ ശക്തമായതിനെ തുടർന്ന് നാലുചാൽ ഉഴുതശേഷമാണ് ഇക്കുറി വിതച്ചത്. മരുന്നടിക്കും കളപറിക്കലിനുമൊക്കെയായി കർഷകർക്ക് വൻതുക ചെലവഴക്കേണ്ടിയും വന്നു.
വലിയ ബാധ്യത
അപ്രതീക്ഷിതമായി കൃഷി ചെലവു വർദ്ധിച്ചതുമൂലം കർഷകരിൽ ഭൂരിപക്ഷത്തിനും നീറ്റുകക്ക സ്വന്തംനിലയിൽ പണം നൽകി വാങ്ങാനായില്ല. നീറ്റു കക്ക ഉടൻ ലഭ്യമാക്കി കൃഷിനാശം ഒഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നീറ്റുകക്ക ഒരു ഏക്കറിൽ വേണ്ടത്: 240 കലോഗ്രാം