കോട്ടയം : ഓൺലൈൻ ക്ലാസിന് സ്വന്തമായി ടി.വി, ടാബ്, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയവ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഇവ വാങ്ങി നൽകുന്നതിന് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ വകയിരുത്തി ആവിഷ്ക്കരിച്ച ഡിജിറ്റൽ പഠന പദ്ധതി ‘ദേവികാ സാന്ത്വനത്തിന്’ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ജില്ലയിൽ പഠനോപാധികൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെടരുത് എന്ന കാഴ്ചപ്പാടോടെ ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിക്ക് നടപടിക്രമങ്ങൾ പാലിച്ച് അടിയന്തിരമായി ടെണ്ടർ ക്ഷണിക്കും. വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുളള അർഹരായ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഈ മാസം തന്നെ ഡിജിറ്റൽ ഉപാധികൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.