cow

കട്ടപ്പന: ഈ പയ്യുകൾ സംസ്ഥാനപാതയുടെ 'ഭരണം' ഏറ്റെടുത്തിരിക്കുകയാണ് കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിൽ ചപ്പാത്ത് മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗമാണ് അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സാമ്രാജ്യം. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ പോലും കടന്നുപോകണമെങ്കിൽ ഇവരുടെ അനുവാദം കൂടിയേ തീരൂ. അലഞ്ഞുതിരിഞ്ഞ് തീറ്റയൊക്കെ കഴിഞ്ഞ് നടുറോഡിൽ തന്നെയാണ് വിശ്രമം. 'പള്ളിയുറക്ക'ത്തിന്റെ സമയങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലൂടെ വാഹനങ്ങൾക്ക് കഷ്ടിച്ചു കടന്നുപോകാം. ഹോണടിച്ച് ഉറക്കത്തിനു ഭംഗം വരുത്തുന്നവരെ തിരിഞ്ഞുപോലും നോക്കില്ല. ചരക്കുലോറികൾ ഏറെനേരം നടുറോഡിൽ നിർത്തിയിടേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. പലരും വാഹനങ്ങൾ നിർത്തി ഇവറ്റകളെ റോഡിൽ നിന്നു ഓടിച്ചുവിട്ട ശേഷമാണ് കടന്നുപോകുന്നത്. അലഞ്ഞുതിരിയുന്നതിനിടെ ഇവറ്റകൾ അപ്രതീക്ഷിതമായി റോഡിലേക്കു പ്രവേശിക്കുന്നത് ഇരുചക്ര വാഹനങ്ങളെ അപകടത്തിലാക്കുന്നു. ഏലപ്പാറയിലും പള്ളിക്കുന്നിലും ഒരു ഡസനിലധികം കാലികളാണ് റോഡ് കൈയടക്കിയിരിക്കുന്നത്. പാതയിലുടനീളം ചാണകം നിറഞ്ഞ നിലയിലുമാണ്. പ്രദേശവാസികളായ ചിലരുടെ ഉടമസ്ഥതയിലുള്ള കന്നുകാലികളെ പുലർച്ചെയോടെ പാതയിലേക്ക് അഴിച്ചുവിടും. രാത്രിയോടെ ചിലർമാത്രമാണ് കന്നുകാലികളെ തിരികെ കൊണ്ടുപോകുന്നത്. മറ്റുചിലർ തിരികെ കൊണ്ടുപോകാറുമില്ല. നിരവധി കന്നുകാലികൾ വഴിയോരങ്ങളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലുമായി രാത്രികാലങ്ങളിൽ തമ്പടിക്കും.