പാലാ: മീനച്ചിൽ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന കളരിയാമ്മാക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. മാണി.സി കാപ്പൻ എം.എൽ.എ ഇടപെട്ടതോടെയാണ് നിർമ്മാണം പുനരാരംഭിക്കാൻ വഴിയൊരുങ്ങിയത്. മാണി.സി കാപ്പൻ പാലത്തിന്റെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

മീനച്ചിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളെ പാലാ നഗരത്തോടു അടുപ്പിക്കാൻ കഴിയും വിധമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.

നഗരത്തിലേക്ക് എത്തുന്ന മുഴുവൻ പൊതുമരാമത്ത് റോഡുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ടൗൺ റിങ് റോഡിന്റെ രണ്ടാംഘട്ടം പാലാ-പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിൽ നിന്ന് ആരംഭിച്ച് പാലാ-ഭരണങ്ങാനം റോഡിലെ കളരിയാമ്മാക്കൽ കടവ് പാലം വരെയുള്ളതാണ്. രണ്ടുകിലോമീറ്റർ ദൂരമാണ് രണ്ടാംഘട്ടത്തിനുള്ളത്.

മീനച്ചിലാറിന് കുറുകെ കളരിയാമ്മാക്കൽ കടവിൽ പാലം നിർമാണം അഞ്ചു വർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്രോച്ച് റോഡ് നിർമ്മിച്ചില്ല. നാട്ടുകാർ അഞ്ചു വർഷത്തിനിടെ നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. മാണി.സി കാപ്പൻ എം.എൽ.എയായപ്പോൾ മുൻഗണനാക്രമത്തിൽ എടുത്ത വിഷയങ്ങളിൽ ഒന്നായിരുന്നു കളരിയാമ്മാക്കൽ പാലം. റോഡ് പൂർത്തീകരിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ സ്ഥലമുടമകളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

സർവ്വേ നടപടികളും പുരോഗമിക്കുകയാണ്. കളരിയാമ്മാക്കൽ പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ച മാണി.സി കാപ്പനെ എൻ.സി.പി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.