കോട്ടയം : ഓളങ്ങൾക്കിടയിലൂടെ ചീറുന്ന ചുണ്ടൻവള്ളങ്ങളിൽ പരിശീലന തുഴച്ചിലുകാരുടെ ആവേശവും ആർപ്പുവിളികളും കൊണ്ട് മുഖരിതമായിരുന്ന കുമരകത്തെ കോട്ടത്തോട് ഇപ്പോൾ വിജനമാണ്. ജലോത്സവ സീസണ് തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ ബോട്ട് ക്ളബുകളൊന്നും ഇതുവരെ ഉണർന്നിട്ടില്ല. ഇക്കുറി വള്ളംകളിയുണ്ടാകുമോയെന്ന് പോലും അറിയാതെ തുഴച്ചിലുകാരും.
ചരിത്രത്തിലാദ്യമായാണ് വള്ളംകളിപരിശീലനം നടക്കാത്ത ജൂൺ മാസം കടന്നുപോകുന്നത്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇനി ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കാനിടയില്ല. വള്ളംകളി നടത്തിപ്പിനെ ചൊല്ലി സംഘാടകർക്കിടയിൽ ആശയക്കുഴപ്പം നിറയുകയാണ്. ചാമ്പ്യൻസ് ബോട്ട് ലീഗിന് പുറമെ, നെഹ്റു ട്രോഫി, കവണാറ്റിൻകര ജലോത്സവം, ഗുരുദേവന്റെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി നടത്തുന്ന കുമരകം ശ്രീനാരായണ ജയന്തി വള്ളംകളി തുടങ്ങിയവയിലും കുമരകത്തിന്റെ സാന്നിദ്ധ്യമുണ്ടാവേണ്ടതാണ്. പക്ഷേ, ആർക്കും ഒരുഷാറുമില്ല. കഴിഞ്ഞ വർഷം തുടങ്ങിയ ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം മേഖലയിൽ വൻഓളമാണ് സൃഷ്ടിച്ചത്. എന്നാൽ ഇക്കുറി ഇതുമായി ബന്ധപ്പെട്ട ഒരുനടപടിയുമുണ്ടായിട്ടില്ല. സംസ്ഥാനത്തെ ജലോത്സവങ്ങൾക്ക് തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളിയുടെ നടപടിക്രമങ്ങളും ആയിട്ടില്ല. ആഗസ്റ്റ് 8 ന് നെഹ്റു ട്രോഫി ജലമേളയോടെയാണ് ചാമ്പ്യൻസ് ലീഗ് വള്ളംകളി തുടങ്ങേണ്ടത്. നെഹ്റു ട്രോഫി നടക്കുമോയെന്നും അറിയില്ല. ചെലവ് 40 ലക്ഷം ഒരു വള്ളമിറങ്ങാൻ 40 ലക്ഷത്തോളം രൂപ ചെലവ് വേണം. കൊവിഡ് സാഹചര്യത്തിൽ വൻ സാമ്പത്തിക ചെലവ് താങ്ങാൻ ബോട്ട് ക്ളബുകൾക്കും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഇക്കുറി വള്ളംകളിയെപ്പറ്റി ചിന്തിക്കുന്നുപോലുമില്ല ബോട്ട് ക്ളബുകൾ. കുമരകത്തെ ബോട്ട് ക്ളബുകൾ കുമരകം ബോട്ട് ക്ളബ് കുമരകം ടൗൺ ബോട്ട് ക്ളബ് കുമരകം വില്ലേജ് ബോട്ട് ക്ളബ് വേമ്പനാട് ബോട്ട് ക്ളബ് കുമരകം എൻ.സി.ഡി.സി കുമരകം '' കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇക്കുറി വള്ളംകളിയുണ്ടാകുമോയെന്ന് ഉറപ്പില്ല. സാധാരണ ഈ സമയത്ത് പരിശീലനം തുടങ്ങേണ്ടതാണ്. ഇത് സംബന്ധിച്ച ആലോചനാ യോഗവും ചേർന്നിട്ടില്ല. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണ്'' - വി.എസ്. സുഗേഷ്, കുമരകം ടൗൺ ബോട്ട് ക്ളബ് മുൻ പ്രസിഡന്റ് '' സീസൺ ആകുമ്പോഴേയ്ക്കും ഞങ്ങൾ തുഴച്ചിൽകാർക്ക് വല്ലാത്തൊരു ആവേശമാണ്. തുഴകൈയിലേന്താതെ ഇങ്ങനെ വെറുതെ ഇരുക്കുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. നെഹ്റുട്രോഫിയിൽ മുത്തമിട്ടതിന്റെ പഴയ ഓർമകൾ മാത്രമേ ഇപ്പോൾ എന്നെ പോലുള്ള തുഴച്ചിൽകാർക്കുള്ളൂ'' അനിൽ കളപ്പുര, തുഴച്ചിൽകാരൻ തടസങ്ങൾ ഇങ്ങനെ എൺപതോളം തുഴച്ചിൽകാരും ആളുകളും കയറുന്ന ചുണ്ടൻവള്ളത്തിൽ സാമൂഹിക അകലം നടപ്പാക്കാനാകില്ല വള്ളംകളി കാഴ്ചക്കാരുടെ ആവേശംകൂടിയാണ്, കാണാൻ എത്തുന്ന ആയിരങ്ങളില്ലാതെ വള്ളംകളി നടത്താനാവില്ല ടൂറിസം സീസൺ പൂർണമായും നഷ്ടപ്പെട്ടതിനാൽ വള്ളംകളി നടത്തിയാലും ടൂറിസ്റ്റുകൾ എത്തുമെന്ന് ഉറപ്പില്ല