കടുത്തുരുത്തി : സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അനുജന്റെ അടിയേറ്റ് ജ്യേഷ്ഠൻ മരിച്ചു. മേട്ടുംപാറ പാറയിൽ രമേശൻ (37) ആണ് സഹോദരൻ സതീശന്റെ അക്രമണത്തിൽ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമേശനെ കോട്ടയം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വക്കേറ്റത്തിനിടയിൽ മുറ്റത്ത് കിടന്ന മൂർച്ചയേറിയ ടിൻ ഷീറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന രമേശനെ കടുത്തുരുത്തി പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടിൽ ഒളിച്ചിരുന്ന സതീശനെ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.