woman

കോട്ടയം: അടിമാലിയിൽ ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ നിരീക്ഷണത്തിൽ. തൊടുപുഴ, ഉപ്പുതറ, മാങ്കുളം സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അടിമാലി പൊലീസ് നീക്കം ആരംഭിച്ചു. 17 കാരിക്കൊപ്പം വീട്ടിൽനിന്നും ഒളിച്ചുകടന്ന 21കാരിയെ ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പൊലീസിന് ലഭിച്ചത്.

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി എറണാകുളത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. 17 കാരിയുടെ മൊബൈൽഫോൺ കണ്ടെത്തിയതായും സൂചനയുണ്ട്. എന്നാൽ വിശദവിവരം നൽകാൻ പൊലീസ് തയാറായിട്ടില്ല.

നിരീക്ഷണത്തിലുള്ള ഒരു യുവാവാണ് 17കാരിക്ക് മൊബൈൽ ഫോൺ നൽകിയത്. രാത്രിയും പകലും മകളെ ആരോ മൊബൈലിൽ വിളിച്ച് സംസാരിച്ചിരുന്നതായി 17കാരിയുടെ അമ്മ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഒരു വർഷം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് അടിമാലി അശുപത്രിയിൽ എത്തിയപ്പോഴാണ് യുവാവുമായി 17കാരി പരിചയപ്പെട്ടത്. അത് പ്രണയമായി മാറാൻ അധികനാൾ വേണ്ടിവന്നില്ല. തുടർന്നാണ് ഈ യുവാവ് പെൺകുട്ടിക്ക് മൊബൈൽഫോൺ സമ്മാനിച്ചത്. 17കാരിയുടെ അടുത്ത കൂട്ടുകാരിയായിരുന്നു 21കാരി.

ജീവനൊടുക്കിയ പെൺകുട്ടിയുടെ മാതാവ് കടയിൽ ചെന്നപ്പോൾ, മകളുടെ പ്രണയത്തെക്കുറിച്ച് ആരോ സംസാരിച്ചു. തുടർന്ന് വീട്ടിലെത്തിയ മാതാവ് പെൺകുട്ടിയെ ശകാരിച്ചു. പ്രണയത്തിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പെൺകുട്ടി കൂട്ടുകാരിയെ വിളിച്ച് കാമുകനോടൊപ്പം പോവുകയാണെന്ന് പറയുകയായിരുന്നു. കൂട്ടുകാരിയാവട്ടെ ഞാനും വരുന്നുവെന്ന് പറഞ്ഞ് വീടുവിട്ടു. തങ്ങളെ കൂട്ടിക്കൊണ്ടു പോവാൻ എത്തണമെന്ന് 17കാരി പറഞ്ഞെങ്കിലും അവർ എത്തിയില്ല. തുടർന്ന് വീടിനു സമീപമുള്ള വലിയ ഒരു മരത്തിന്റെ പൊത്തിൽ ഇവർ ഒളിക്കുകയായിരുന്നു.

പാതിരാത്രി ആയപ്പോൾ ഇരുവർക്കും പേടിയായി. കാമുകൻ എത്തില്ലെന്ന് മനസിലായതോടെ ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ ഇരുവരും അഭയം തേടി. ഇരുവരെയും അനുനയിപ്പിച്ച് പ്രസിഡന്റ് രാവിലെതന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടയിൽ ഇവരെ കാണാതായതോടെ മാതാപിതാക്കൾ അടിമാലി പൊലീസിൽ പരാതി നൽകിയിരുന്നു.

വീട്ടിലെത്തിയ ഇരുവരെയും മാതാപിതാക്കൾ ശാസിച്ചു. കേസ് പിൻവലിക്കാൻ മാതാവ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് 17 കാരി രാത്രിയിൽ ഒളിവിൽ പാർത്ത മരത്തിൽ തൂങ്ങിയത്. 21കാരിയാവട്ടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായി.

അടിമാലി സി.ഐ അനിൽ ജോർ‌ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ 11നാണ് ഇരുവരും വീടുകളിൽനിന്നും ഇറങ്ങിപ്പോയത്. 17കാരി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൈകളിൽ മൂന്നിടത്ത് ഉരഞ്ഞ പാടുകളുണ്ട്.