pic

കോട്ടയം: കേരളത്തിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിൽ എത്തിച്ച് വില്പന നടത്തിവരുന്ന സംഘത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കർണാടക സ്വദേശി മണിലേഷിനെയാണ് (40) ഇന്ന് പുലർച്ചെ പെരുവന്താനം എസ്.ഐ ഹരിദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുഴന്നേൽ മക്കുവെന്ന് വിളിക്കുന്ന സുരേഷിനെ (24) പെരുവന്താനം പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഇനി രണ്ടു പേരെകൂടി പിടികൂടാനുണ്ട് മണിലേഷിനെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.

വർക്ക്ഷോപ്പിൽ നിന്നും മോഷ്ടിച്ച ജീപ്പ് തമിഴ്നാട്ടിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. നാലു പേർ ജീപ്പിലുണ്ടായിരുന്നു. ഇന്നലെ പുലർച്ച ഒന്നരയോടെ ഹൈവേ പൊലീസ് പുല്ലുപാറയിൽ പരിശോധന നടത്തിയപ്പോഴാണ് ജീപ്പ് മോഷണം നടത്തിയതെന്ന് മനസിലായത്. ഇതോടെ സംഘത്തിൽപ്പെട്ട നാലുപേരും ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും സുരേഷിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്നാണ് മണിലേഷ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി ജോജി, ഇടുക്കി സ്വദേശി ബിബിൻ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.