joseph

കോട്ടയം: കേരള കോൺഗ്രസ് -എമ്മിന്റെ സമ്മർദ്ദതന്ത്രം വിലപോവില്ല. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ ജോസ് കെ.മാണിക്കോ പി.ജെ ജോസഫിനോ കഴിയുകയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കാരണം, ഇടതുപക്ഷത്തേക്ക് എത് ഗ്രൂപ്പ് നീങ്ങിയാലും അണികളിൽ ഭിന്നതയുണ്ടാവുമെന്നാണ് ഇരുഗ്രൂപ്പ് നേതാക്കളുടെയും ഭയപ്പാട്. ഇത് വീണ്ടും ഗ്രൂപ്പിൽ ഒരു പിളർപ്പിന് ഇടവരുത്തുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനെ നേരിടാൻ ഇരുഗ്രൂപ്പുകൾക്കുമാവില്ലായെന്നുമാണ് പറയുന്നത്. എങ്ങനെയും ജോസിനെ ഇടതുമുന്നണിയിലെത്തിക്കാൻ ജോസഫ് കുതന്ത്രം മെനയുമ്പോൾ പി.ജെയെ ഇടതുപാളയത്തിൽ എത്തിക്കാനാണ് ജോസിന്റെ ശ്രമം. ഓരോരോ പ്രശ്നങ്ങൾ സൃഷ്ടിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ നിന്നും പുറത്താക്കുകയാണ് ഇരുഗ്രൂപ്പുകളുടെയും ആഗ്രഹം.

കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്കാൻ ജോസ് തയാറായിട്ടില്ല. അങ്ങനെയൊരു കരാർ ഇല്ലെന്നാണ് ജോസ് പറയുന്നത്. എന്നാൽ, കരാർ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ പരസ്യമായി പറഞ്ഞുകഴിഞ്ഞു. മുസ്ലീം ലീഗ് പ്രശ്നത്തിൽ ഇടപെട്ടതോടെ പ്രസിഡന്റ് സ്ഥാനം വിട്ടുനല്കാമെന്നും കേരള കോൺഗ്രസ് പിളർപ്പിനുമുമ്പ് കെ.എം മാണി ഉണ്ടാക്കിയ കരാർ പരിഗണിക്കണമെന്നുമാണ് ജോസ് പക്ഷം പറയുന്നത്. അതോടെയാണ് വീണ്ടും പാർട്ടിയിൽ കാർമേഘം ഉരുണ്ടുകൂടിയത്.

ഇതോടെ ജോസഫ് ക്ഷുഭിതനായിരിക്കയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്നത്തിൽ കോൺഗ്രസ് ആണ് ഫോർമുല ഉണ്ടാക്കിയതെന്നും അത് പ്രാവർത്തികമാക്കാൻ കോൺഗ്രസിനാണ് ഉത്തരവാദിത്വമെന്നുമാണ് പി.ജെ ജോസഫിന്റെ നിലപാട്. സ്ഥാനകൈമാറ്റം വച്ചുതാമസിപ്പിക്കുന്നതിൽ കോൺഗ്രസിനെതിരെ ഇന്നലെ പി.ജെ ജോസഫ് ആഞ്ഞടിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ ആർജവത്തോടെ ആവശ്യപ്പെട്ടിരുന്നെങ്കിൽ പ്രസിഡന്റ് പദവി ഒഴിയാൻ ജോസ് തയാറാവുമെന്നാണ് ജോസഫിന്റെ പ്രതികരണം. ജോസ് കരാർ പാലിക്കാതെ ഉപാധികൾ വച്ചതിൽ കോൺഗ്രസിനുള്ളിലും യോജിപ്പില്ല.

എന്നാൽ, രണ്ട് എം.പി മാരുള്ള ജോസ് വിഭാഗത്തിനെ പിണക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് താത്പര്യമില്ലത്രേ. അതിനാലാണ് കേരള കോൺഗ്രസ് പ്രശ്നം പരിഹാരമാവാതെ നീണ്ടുപോവുന്നതെന്നാണ് അറിയുന്നത്. എന്നാൽ, ഇപ്പോൾ കോൺഗ്രസ് പറയുന്നത് ഇക്കാര്യത്തിൽ യു.ഡി.എഫ് തീരുമാനമെടുക്കട്ടെയെന്നാണ്. ജോസിനോ ജോസഫിനെ അനുകൂലമായി തീരുമാനമെടുക്കേണ്ടായെന്നാണ് കെ.പി.സി.സി യുടെ ഇപ്പോഴത്തെ നിലപാട്.

ഇടതുപക്ഷത്തേക്ക് ഏത് ഗ്രൂപ്പ് പോയാലും യു.ഡി.എഫിന് പ്രയോജനമേ ഉണ്ടാവുകയുള്ളുവെന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇരുഗ്രൂപ്പുകളും യു.ഡി.എഫിൽ തുടരണമെന്നാണ് ഇവർ പരസ്യമായി പറയുന്നത്. മുന്നണി വിട്ടുപോവുന്നവർ പോവട്ടെയെന്നും ഇത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും ചില നേതാക്കൾ യോഗത്തിൽ പറഞ്ഞതായാണ് സൂചന.