കോട്ടയം : ലോക്ക് ഡൗൺ കാലത്ത് മതിയായ ആഹാരം ലഭിക്കാതെ ക്ഷീണിച്ചു പോയ വളർത്തു മൃഗങ്ങളെ സംരക്ഷിക്കാൻ സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചു. പശുവിനും എരുമയ്ക്കും ആടിനും പുറമേ കേരളത്തിലെ മുഴുവൻ നാട്ടാനകളെയും നല്ല ആരോഗ്യമുള്ളവരാക്കി മാറ്റാൻ അരക്കോടി രൂപ പ്രത്യേകമായുണ്ട് .സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് മൃഗസംരക്ഷണ വകുപ്പിന് പണം അനുവദിച്ചത്. ഓരോ ആനകൾക്കും ദിവസം 400 രൂപ എന്ന കണക്കിൽ 40 ദിവസത്തേക്ക് 16000 രൂപ അനുവദിച്ചു. അരി, ഗോതമ്പ്, റാഗി, മണിച്ചോളം, ശർക്കര, ധാതു ലവണ മിശ്രിതം ,ജീവകങ്ങൾ എന്നിവ ആനയുടെ പ്രായം കണക്കാക്കിയാണ് നൽകുക.

പദ്ധതി പ്രകാരം ക്ഷീര കർഷകർക്ക് രണ്ട് ചാക്ക് കാലിത്തീറ്റയും സൗജന്യമായി നൽകുന്നുണ്ട് . മൂന്നേകാൽ കോടി രൂപയുടെ തീറ്റ ഇതിനകം നൽകി. കോഴി, താറാവ് കർഷകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഉത്സവങ്ങൾ മുടങ്ങിയതോടെ ആനകളിൽ നിന്നുള്ള വരുമാനം ഇല്ലാതായി. പാപ്പാൻമാരുടെ ശമ്പളവും ആനകൾക്ക് തീറ്റയും വർഷകാല സുഖചികിത്സയും വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. ആന ഉടമസ്ഥ സംഘത്തിന്റെ അഭ്യർത്ഥന മാനിച്ച് നാട്ടാനകൾക്ക് പോഷക തീറ്റ നൽകാനുള്ള സർക്കാരിന്റെ നടപടി കട ബാദ്ധ്യതയിലായ ആന ഉടമകൾക്ക് ആശ്വാസകരമാണ് .

എം.മധു,സംസ്ഥാന വൈസ് പ്രസിഡന്റ്, ആ ന ഉടമസ്ഥ സംഘം

ആനകൾക്കു മാത്രം അരക്കോടി

കേരളത്തിൽ 600 നാട്ടാനകളുണ്ടെന്നാണ് കണക്ക് . ലക്ഷങ്ങൾ ഏക്കം ലഭിച്ചിരുന്ന ആനകൾ വരെ ഉണ്ട്. കൊവിഡ് കാരണം ഉത്സവം മുടങ്ങിയതോടെ വരുമാനം നിലച്ചു. എന്നാൽ ചെലവ് കുറഞ്ഞില്ല. പാപ്പാൻമാരുടെ ശമ്പളവും ആനയ്ക്ക് മതിയായ തീറ്റയും നൽകുന്നതിന് വലിയ തുക വേണ്ടി വന്നു. പല ആന ഉടമസ്ഥരെയും ഇത് ബുദ്ധിമുട്ടിലാക്കി . സൗജന്യ റേഷൻ ആനയ്ക്കും നൽകണമെന്ന ആവശ്യവുമായി ആന ഉടമസ്ഥസംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് തീറ്റയ്ക്ക് പണം അനുവദിച്ചത്. ജില്ലാ മൃഗസരക്ഷണ ഓഫീസർ മുഖേന നേരിട്ടാണ് ഈമാസം 20 മുതൽ തീറ്റ നൽകുക. കാലവർഷം ആരംഭിച്ച സമയത്ത് ആനകൾക്ക് പോഷക തീറ്റ ലഭിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രയോജനകരമാണ്.