കോട്ടയം: വിദ്യാർത്ഥികൾക്ക് സ്വന്തം വീടുകളിൽ സൗജന്യമായി പഠന സൗകര്യം ഉറപ്പാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പാക്കുന്ന ടി.വി. ചലഞ്ചിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം 100 ടെലിവിഷൻ സെറ്റുകൾ നൽകി. വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാജീവ് ടെലിവിഷൻ സെറ്റുകൾ കളക്ടർ എം. അഞ്ജനയ്ക്ക് കൈമാറി.
വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ വീട്ടിൽ സൗകര്യമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന ഈ ടിവികൾ സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകും.
32 ഇഞ്ച് വലുപ്പമുള്ള എൽ.ഇ.ഡി. ടിവിയാണ് കൈമാറിയത്. ഒരു സെറ്റിന് 8500 രൂപ വില വരും. ക്ലാസിൽ പങ്കെടുക്കേണ്ട ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീടുകൾക്കും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും മുൻഗണന നൽകിയായിരിക്കും വിതരണം. ടി.വി നൽകുന്ന വീടുകളിൽ കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സൗജന്യമായി കേബിൾ കണക്ഷൻ ലഭ്യമാക്കും. വീടുകളിൽ ടി.വി ഇല്ലാത്തതിനാൽ പഠനത്തിനായി പൊതു കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ജില്ലയിലെ 1204 കുട്ടികൾക്കും സ്മാർട്ട് ഫോൺ അല്ലെങ്കിൽ ടെലിവിഷൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ് .
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ ഷൈല, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ മാണി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ വി.കെ. ജോസഫ്, അർജുനൻ പിള്ള, വി.ആർ രാകേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.