tv
ചിത്രം.അടിമാലി ഗ്രാമപഞ്ചായത്തിന്റെ ടി.വി. ചലഞ്ചില്‍ പങ്കാളികളായി വിഷ്ണുവും റിഥുവും

അടിമാലി: പഞ്ചായത്തിന്റെ ടി.വി ചലഞ്ചിൽ പങ്കാളികളായി നവ വധൂവരന്മാർ. അടിമാലി പുത്തൻ കണ്ടത്തിൽ മുരളീധരൻ നായരുടെയും ബിന്ദുവിന്റെയും മകൾ റിഥുവും അടിമാലി കൊല്ലമ്മാവുകുടി കെ.എൻ പ്രസാദിന്റെയും സുമയുടെയും മകൻ വിഷ്ണുവുമാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജന് രണ്ട് ടി.വികൾ കൈമാറിയത്. കഴിഞ്ഞ 14 നായിരുന്നു ഇരുവരുടെയും വിവാഹം. കൊവിഡ് 19 മാനദണ്ഡങ്ങൾക്കനുസരിച്ചായിരുന്നു ചടങ്ങുകൾ. അതിനാൽ തന്നെ വിവാഹചടങ്ങിന് കരുതിയിരുന്ന പണം ഉപയോഗിച്ച് നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിനായി ടി.വി വാങ്ങിനൽകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയാത്ത നിർദ്ദനരായ കുട്ടികൾക്ക് നൽകുന്നതിന് ഇതുവരെ 18 ടിവികൾ പഞ്ചായത്തിന് ലഭിച്ചു. പഞ്ചായത്തിന്റെ ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് അവ എത്തിച്ചു നൽകി. ഓൺലൈൻ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയിട്ടുണ്ട്.