കുമരകത്ത് ടൂറിസം മേഖലയിൽ നിക്ഷേപിച്ചവർ ആശങ്കയിൽ

കോട്ടയം: '' ലോണെടുത്ത് വാങ്ങിയ ബോട്ടാണ് വെറുതെ കിടക്കുന്നത്. ഓട്ടമില്ലാതെ കിടന്നതിനാൽ കേടുപാടുകളുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ചാലും ഇതൊക്കെ നന്നാക്കാൻ കൂടി പണം കണ്ടെത്തണം'' കുമരകം കുത്തിവച്ചുമടയിൽ ബിജുവിന്റെ വാക്കുകളാണിത്. റേഷനരി ഉള്ളതുകൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന നിരവധി പേരുണ്ട് ബിജുവിനെപ്പോലെ കുമരകത്ത്. ഇവരെല്ലാം ടൂറിസം മേഖലയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവരാണ്.

പതിനഞ്ച് വർഷമായി കുമരകത്ത് ഹോംസ്റ്റേ നടത്തുകയാണ് പുഷ്പാലയത്തിൽ അനിൽകുമാർ. റിസോർട്ടുകൾ പതിനായിരങ്ങൾ വാങ്ങുമ്പോൾ നല്ല നാടൻ ഭക്ഷണമടക്കം ആയിരമോ രണ്ടായിരമോ ആകൂ ഹോംസ്റ്റേയിൽ. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ഹോം സ്റ്റേ തുടങ്ങിയതാണ്. പ്രളയത്തിന് ശേഷം ഒന്ന് നടു നിവർത്തുമ്പോഴാണ് ലോക്ക് ഡൗണെത്തിയത്. ഇപ്പോഴാവട്ടെ കറന്റ് ചാർജടക്കം വൻതുക അടയ്ക്കണം.

കുമരകത്ത് ഇപ്പോൾ പുറമേ കാണുന്ന പച്ചപ്പ് മാത്രമേയുള്ളൂ. അകം വിങ്ങുകയാണ്. പ്രധാനപ്പെട്ട സീസണാണ് കൊവിഡ് കവർന്നത്. ഇനി എല്ലാം നേരയാകുമെന്ന പ്രതീക്ഷപോലും ഇവർക്കാർക്കുമില്ല. കവണാറ്റിൻകര പാലത്തിന് താഴെ ഹൗസ് ബോട്ടുകളെല്ലാം കൂട്ടത്തോടെ കെട്ടിയിട്ടിരിക്കുകയാണ്. ഹൗസ് ബോട്ടിൽ ജോലി ചെയ്തിരുന്നവരൊക്കെ മറ്റ് പലവഴിക്കുമായി. ലക്ഷങ്ങൾ മുടക്കിയ ബോട്ടുകളൊക്കെ വൃത്തിയാക്കുന്നത് ഉടമകൾ തന്നെയാണ്. അതിനായി ഇനി കൂലി കൊടുത്ത് ചെയ്യിക്കാൻ പണമില്ലെന്നതാണ് സത്യം. വായ്പകളെല്ലാം മുടങ്ങി. വേനലവധിയുടെ സീസണും മൺസൂൺ ടൂറിസവുമാണ് ഇതുവരെ നഷ്ടമായത്. ജൂൺ, ജൂലായ് മാസങ്ങളിൽ അറബികൾ എത്തേണ്ടതായിരുന്നു. പതിവായി ഈ സമയത്ത് എത്തുന്ന നിരവധി വിനോദ സഞ്ചാരികളുണ്ട്. ലോകം മുഴുവൻ സാമ്പത്തിക ഞെരുക്കത്തിലായതിനാൽ ഇനി വിദേശികൾ എത്തുമോയെന്ന് പോലും അറിയില്ല.

ദുരിതത്തിന് അറുതിയില്ല

 ബോട്ടുകൾ വെറുതെ കിടന്ന് കേടായിത്തുടങ്ങി

 ഇനി വൻതുക മുടക്കി അറ്റകുറ്റപ്പണി നടത്തണം

 ലോൺ മുടങ്ങിയതിനാൽ അധിക പണം കണ്ടെത്തണം

 തൊഴിലാളികൾ മറ്റ് ജോലികൾക്ക് പോയിത്തുടങ്ങി

 ഉത്തരവാദിത്വടൂറിസം മിഷനെ ആശ്രയിച്ചവരും കഷ്ടത്തിൽ

'' ചെറിയ ചെറിയ ഹോംസ്റ്റേകളുടെ കറന്റ് ചാർജിലെങ്കിലും എന്തെങ്കിലും ഇളവ് സർക്കാർ തരണം. മുഴുവൻ പൊടിപിടിച്ച് നശിക്കാറായി. വൃത്തിയാക്കാൻ ആളെ നിറുത്താനുള്ള പാങ്ങില്ല''

അനിൽ കുമാർ, ഹോംസ്റ്റേ ഉടമ