കോട്ടയം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി വശീകരിക്കുകയും നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് പിടിയിൽ.കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് പി.എസ്.അരുൺ (33,അരുൺ സാകേതം) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് അരുൺ കോട്ടയം ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയെ പരിചയപ്പെട്ടത്.തുടർന്ന് പുതിയ ജീവിതം വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കാലാക്കി.ഇതു വച്ച് ഭീഷണിപ്പെടുത്തി പലതവണയായി സ്വർണവും ലക്ഷക്കണക്കിനു രൂപയും തട്ടിയെടുത്തു.സ്വത്തുക്കൾ എഴുതി വാങ്ങാനും ശ്രമിച്ചു. ഭർത്താവുമായി സംസാരിക്കുന്നതു പോലും വിലക്കി. മുറിയിൽ ഒറ്റയ്ക്ക് കഴിയണമെന്നും ഭർത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിർദ്ദേശിച്ചു. കുട്ടികളുടെ പിറന്നാൾ ആഘോഷിച്ചതിനും ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് വീട്ടമ്മ മൂന്നു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് ഇവർ ഭർത്താവിനോട് എല്ലാം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് കോട്ടയം ഡിവൈ. എസ്.പി. ആർ.ശ്രീകുമാറിന് പരാതി നൽകിയത്.