കോട്ടയം : ശബരിമല വിമാനത്താവള പദ്ധതിക്ക് ഉണർവ് പകർന്ന് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണാനുമതി നൽകി. ഇനി റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പ്രാരംഭ നടപടികൾ ആരംഭിക്കും .
കെ.എസ്.ഐ.ഡി.സി തയ്യാറാക്കിയ പദ്ധതിക്ക് ധനകാര്യ, നിയമം ,റവന്യൂ വകുപ്പുകളുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു.
യു.എസ് കമ്പനിയായ ലൂയി ബഗ്ർ കൺസൾട്ടൻസിയാണ് വിമാന താവളത്തിന്റെ രൂപരേഖ തയാറാക്കിയത്. വിമാനം ഇറങ്ങാനും പറക്കാനും ഉള്ള സൗകര്യങ്ങൾ, അനുകൂല ഘടകമായി. എയർപോർട്ട് അതോറിറ്റി, സിവിൽ ഏവിയേഷൻ എന്നീ വിഭാഗങ്ങളുടെ ശുപാർശയോടെ ആണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്.വിശദ പഠന റിപ്പോർട്ട് ചുമതലയും ലൂയി ബഗ്ർ കൺസൾട്ടൻസിക്കാണ് നൽകിയത്. വിശദ റിപ്പോർട്ട് ആകുന്നതോടെ കേന്ദ്ര സർക്കാരിന്റെ അനുമതി തേടും. അനുമതി ലഭിച്ചാൽ സർവേ ,മണ്ണു പരിശോധന അടക്കമുള്ള നടപടികൾ തുടങ്ങാനാകും.
ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് നിർണായകമാണ്. എസ്റ്റേറ്റ് തിരിച്ചെടുക്കാൻ കോട്ടയം കളക്ടർ പാലാ കോടതിയിൽ സിവിൽ കേസ് നൽകിയിരുന്നു . ഇതിനിടെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് ഭരണാനുമതി ആയത്. 'ഹാരിസൺ പ്ലാന്റെഷന്റെ ഉടമസ്ഥതയിലുള്ള' ഭൂമി ബിലീവേഴ്സ് ചർച്ചിന് കൈമാറിയത് നിയമവിരുദ്ധമാണെന്നും ഇത് റെവന്യൂ ഭൂമിയാണെന്നും രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബിലീവേഴ്സ് ചർച്ച് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. ബിലീവേഴ്സ് ചർച്ചിന്റെ അധീനതയിൽ തന്നെയാണ് ഇപ്പോഴും ചെറുവള്ളി എസ്റ്റേറ്റ്. സർക്കാർ കേസുമായി മുന്നോട്ടു പോകാതെ ഒത്തു തീർപ്പിന്റെ ഭാഗമായി സ്ഥലം വിട്ടു കിട്ടുന്നതിന് ഔദ്യോഗികമായി സമീപിച്ചാൽ സഭാ കൗൺസിൽ കൂടി തീരുമാനിക്കുമെന്ന നിലപാടാണ് ബിലീവേഴ്സ് ചർച്ചിന്റേത്. സമവായത്തിന്റെ പാതയിൽ സർക്കാർ എത്തിയാൽ നിർദ്ദിഷ്ട എരുമേലി വിമാനതാവളം നിയമ കുരുക്കിൽ കുടുങ്ങി നീണ്ടു പോകാതെ യാഥാർത്ഥ്യമാകും.
ഏറ്റെടുക്കുന്നത്
2263 ഏക്കർ
ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല.
സമീപം രണ്ട് ദേശീയ പാതകളും 5 പൊതുമരാമത്ത് പാതകളും
ഇവിടെ നിന്ന് ശബരിമലയിലേക്ക് 48 കിലോമീറ്റർ ദൂരമേയുള്ളൂ
പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയാണ് അതിർത്തി
ഉടമസ്ഥാവകാശ തർക്കം വീണ്ടും ഹൈക്കോടതിയിൽ പോകാതെ എസ്റ്റേറ്റിന്റെ ഭൂമി വില നിശ്ചയിച്ച് സർക്കാരിന് ഏറ്റെടുക്കാം.
എൻ.ഹരി, ബി.ജെ.പി സംസ്ഥാന സമിതിയംഗം