കോട്ടയം: നാടൊന്നിച്ചപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ ഓൺലൈൻ പഠനം സുഗമമായി. തുടക്കത്തിൽ നാലായിരത്തോളം പേർക്കാണ് വീട്ടിൽ ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഇല്ലായിരുന്നത്. ഇപ്പോഴത് ആയിരത്തിലും താഴെയായി.
ടിവിയോ, ഫോണോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ നൽകണമെന്ന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് പലരും രംഗത്തെത്തി. രാഷ്ട്രീയ പാർട്ടികൾ, പ്രവാസികൾ, സന്നദ്ധ സംഘടനകൾ, ബാങ്കുകൾ എന്നിവയിലൂടെ ടി.വിയും ഫോണും വീടുകളിലെത്തി. ഇതുവരെ രണ്ടായിരത്തോളം ടി.വിയും അത്രയും സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും 100 കേബിൾ കണക്ഷനുകളും ഇങ്ങനെ എത്തിച്ചു നൽകിയിട്ടുണ്ട്.
1.75 ലക്ഷം വിദ്യാർത്ഥികൾ
ജില്ലയിൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വരെ 1.75 ലക്ഷം വിദ്യാർത്ഥികളുണ്ട്. നാലായിരത്തോളം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്ന് രണ്ടാം ഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഇവരുടെ വീടുകളിൽ ടി.വിയും ഫോണും എത്തിച്ച് നൽകിയതിനൊപ്പം പൊതുഇടങ്ങളിലും പഠനസൗകര്യമൊരുക്കി. 200 വായനശാലകൾ, 34 അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി പഠനം നടക്കുന്നുണ്ട്.
ടി.വി ചലഞ്ച് ഹിറ്റ്
വിവിധ സംഘടനകൾ ടി.വി ചലഞ്ച് ഏറ്റെടുത്തപ്പോൾ പുനരുപയോഗം ചെയ്യാവുന്ന ടി.വിയും ഫോണും നൽകി യുവജന സംഘടകളും മാതൃകയായി. ഇ-മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വമിഷനും പഴയ ടി.വികളും മൊബൈൽ ഫോണുകളും ശേഖരിച്ച് ഉപയോഗയോഗ്യമാക്കുന്നുണ്ട്.
''ജില്ലയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇല്ലാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണം. വീടുകളിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിൽ സമീപത്തെ ക്ലബുകൾ, കമ്യൂണിറ്റിഹാൾ, അങ്കണവാടികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലാണ് പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്. വിദ്യാലയങ്ങളിലെ ലാപ്‌ടോപ്പുകളുമായി അദ്ധ്യാപകർ വീടുകളിലെത്താനും നിർദേശിച്ചിട്ടുണ്ട്''